സ്വത്തു തർക്കം എല്ലാ കാലത്തും കോടതികളുടെ തീരാ തലവേദനയാണ്. രാജ്യത്തെ വിവിധ കോടതികൾ സ്വത്തു തർക്കത്തിൽ അസംഖ്യം വിധികൾ പറഞ്ഞിട്ടുമുണ്ട്. ഒാരോ കേസിനും വ്യത്യസ്ത സ്വഭാവമായതിനാൽ വിശദമായി വാദം കേട്ട് തീർപ്പു കല്പിക്കാൻ നമ്മുടെ സിവിൽ കോടതികളും ഉന്നത കോടതികളും സമയത്തിന്റെ നല്ലൊരു പങ്കും ഇതിനായി ചെലവഴിക്കുന്നുണ്ട്. സുദീർഘമായ വ്യവഹാര ക്രമമാണെങ്കിലും സ്വത്തു കേസുകളിൽ നമ്മുടെ കോടതികൾ നടത്തിയിട്ടുള്ള പല പരാമർശങ്ങളും വ്യക്തി ജീവിതത്തിനു വഴിവിളക്കായി മാറിയ ചരിത്രമുണ്ട്. അത്തരം രണ്ടു വിധികളാണ് ഇത്തവണ പരാമർശിക്കുന്നത്.
അമ്മയെ തല്ലിയാൽ സ്വത്തില്ല
ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഇൗ വിധി. അമ്മയുടെ മരണശേഷം സ്വത്തിൽ അവകാശം സ്ഥാപിച്ചു കിട്ടാൻ വഡോദര സ്വദേശി ജയേഷ്ഭായ് പട്ടേൽ എന്നയാൾ സിവിൽ കോടതിയെ സമീപിച്ചു. രണ്ടു പെൺമക്കളും ഹർജിക്കാരനുമുൾപ്പെടെ മൂന്നു മക്കളാണ് അമ്മയ്ക്കുണ്ടായിരുന്നത്. പക്ഷേ വിൽപത്രത്തിൽ അമ്മ സ്വത്തു മുഴുവൻ പെൺമക്കൾക്കായി വീതിച്ചെഴുതി വച്ചു. ഇതിനെ ചോദ്യം ചെയ്താണ് ജയേഷ് ഭായി കോടതിയെ സമീപിച്ചത്. വിൽപത്രത്തിന്റെ സാധുത പരിഗണിച്ച സിവിൽ കോടതി ആവശ്യം തള്ളി. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് പരേഷ് ഉപാദ്ധ്യായയുടെ ബെഞ്ചിലാണ് ഹർജി വന്നത്. കേസിൽ വാദം നടക്കുമ്പോൾ നിർണ്ണായകമായ ഒരു വിവരം പുറത്തു വന്നു. ഹർജിക്കാരൻ മാതാപിതാക്കളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. പിതാവു മരിച്ചതിനെത്തുടർന്ന് അമ്മയെ നോക്കിയത് പെൺ മക്കളാണ്. അപ്പോഴും ഹർജിക്കാരൻ അമ്മയെ ഉപദ്രവിച്ചതിന് തെളിവുണ്ട്. മകന്റെ മർദ്ദനം സഹിക്കാനാവാതെ അമ്മ വഡോദര പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയും എതിർ കക്ഷികൾ ഹാജരാക്കി. ഇൗയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർണ്ണാകയമായ വിധി പറഞ്ഞത്. ഹർജിക്കാരൻ മാതാപിതാക്കളെ മർദ്ദിച്ചിരുന്നു. സംശുദ്ധമായ കൈകളും മനസുമായല്ല ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ തല്ലുന്നവർക്ക് അവരുടെ സ്വത്തിൽ ഒരവകാശവുമില്ല. കോടതിക്കു മുന്നിലുള്ള വസ്തുതകളിൽ നിന്ന് ഹർജിക്കാരനിൽ നിന്ന് അമ്മയ്ക്ക് പീഡനം നേരിടേണ്ടി വന്നെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സ്വത്ത് ഭാഗം വച്ചപ്പോൾ ഇയാളെ ഒഴിവാക്കിയത്. വളർത്തി വലുതാക്കിയവരോടു ബഹുമാനമില്ലാതെ, നന്ദിയില്ലാതെ പെരുമാറുന്ന ഒരാൾക്ക് അവരുടെ സ്വത്തു വകകളിലും അവകാശം ഉന്നയിക്കാനാവില്ല. ഇതു സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധിയെഴുതി.
ഭർതൃപിതാവ് ചിലവിനു നൽകണം
ഭർത്താവിന്റെ മരണത്തെത്തുടർന്ന് ജീവിതച്ചെലവിനും വഴിമുട്ടിയ ഭാര്യയ്ക്കും മകനും ഭർതൃപിതാവ് ചെലവിനു നൽകണോ ? കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റു വസ്തുതകളും പരിഗണിച്ചു ഇത്തരമൊരു തീർപ്പ് കല്പിച്ചത് ബോംബെ ഹൈക്കോടതിയാണ്. ഭർത്താവ് ഭൂപീന്ദറിന്റെ മരണത്തെത്തുടർന്ന് ജീവിതം വഴിമുട്ടിയ ഭാര്യ ഹർനീത് കൗർ കുടുംബകോടതിയിൽ നൽകിയ പരാതിയാണ് കേസിന് ആധാരം. ഹർജിക്കാരിയുടെ മാതാപിതാക്കളും മരിച്ചു പോയ സാഹചര്യത്തിൽ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്നും ഭർതൃ പിതാവിനോടു ജീവിതച്ചെലവു നൽകാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. കഴിഞ്ഞ ജനുവരിയിൽ കുടുംബകോടതി ഇതനുവദിച്ചു. ഹർജിക്കാരിക്ക് 40,000 രൂപ വീതവും മകന് 30,000 രൂപ വീതവും ഇടക്കാല ഉത്തരവിലൂടെ കോടതി അനുവദിച്ചു. എന്നാൽ ഇതു നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഭർതൃ പിതാവ് സർദൂൽ സിംഗ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കു രണ്ടു മക്കളിൽ ഒരാളുടെ ഭാര്യ മാത്രമാണ് ഹർനീതെന്നും താനൊരു കാൻസർ രോഗിയാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി. നിലവിൽ ഹർനീത് കൗറിനും മകനുമായി പണം ചെലവിടുന്നുണ്ടെന്നും ഇവർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം സർദൂൽ സിംഗിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത ഹൈക്കോടതി കുടുംബക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അപാകതയില്ലെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം സർദൂൽ സിംഗ് 74 ലക്ഷം രൂപ ആദായ നികുതിയടച്ചതടക്കമുള്ള കണക്കുകൾ കോടതി പരിശോധിച്ചു. തുടർന്നാണ് ജസ്റ്റിസ് നിതിൻ സാമ്പ്രേ വിധി പറഞ്ഞത്. ഭർത്താവിന്റെ മരണത്തോടെ ജീവിക്കാൻ നിവൃത്തിയില്ലാതായ ഹർനീത് കൗറിനും മകനും ഹർജിക്കാരനായ ഭർതൃപിതാവിന്റെ സ്വത്തു വകകളിൽ നിന്ന് ജീവിതച്ചെലവു നൽകാനുള്ള വിധി ഹൈക്കോടതി ശരി വെക്കുകയായിരുന്നു.