തൃശൂർ: തകർത്തു പെയ്ത മഴയിൽ തൃശൂർ-പാലക്കാട് ദേശീയപാതയിലെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ രൂപപ്പെട്ട വൻകുഴികൾ കാരണം മണിക്കൂറുകളുടെ ഇടവേളകളിൽ അപകടം സംഭവിക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ചുവന്നമണ്ണിന് സമീപം പത്താംകല്ലിലും കുതിരാനിലും പട്ടിക്കാട്ടുമെല്ലാം വൻകുഴികളാണ് രൂപം കൊണ്ടിരിക്കുന്നത്.
ദിവസവുമുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേരാണ് മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രാത്രിസമയങ്ങളിൽ വരുന്ന ബൈക്ക് യാത്രക്കാരാണ് കുഴികളിൽ വീഴുന്നവരേറെയും. വെള്ളം കെട്ടി നിൽക്കുന്ന കുഴികൾക്ക് വലിയ ആഴമുളളതിനാൽ ബൈക്ക് മറിയുമെന്നത് ഉറപ്പാണ്. മഴ ശക്തമാകുമ്പോൾ ഗതാഗതക്കുരുക്കും മുറുകും. കഴിഞ്ഞ ദിവസം കുതിരാനിലെ ലോറി പാർക്കിംഗിനും വനവിജ്ഞാന കേന്ദ്രത്തിനും സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു.
തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളുടെ നിര ചുവന്നമണ്ണ് മുതൽ കൊമ്പഴ വരെ ആറ് കിലോമീറ്റർ നീണ്ടു. ടാറിംഗിലെ അശാസ്ത്രീയത കാരണം ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് ടാർ ഇളകി വൻ കുഴികൾ രൂപപ്പെടുന്നത്. യാത്രക്കാരും നാട്ടുകാരും ചേർന്നാണ് താത്കാലികമായി കുഴികൾ അടയ്ക്കുന്നത്.
ചൊവ്വാഴ്ച രാത്രി
പത്താംകല്ലിലെ വളവ് കഴിഞ്ഞുളള റോഡിലെ വൻകുഴിയിൽ വീണത് മൂന്ന് ബൈക്കുകൾ. യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു
തിങ്കളാഴ്ച പുലർച്ചെ ഒന്നിന്
പട്ടിക്കാട് സർവീസ് റോഡിലെ രണ്ട് അടി താഴ്ചയും മൂന്ന് മീറ്റർ വ്യാസവുമുള്ള വലിയ കുഴിയിൽ വീണ് ചരക്കുലോറി മറിഞ്ഞു.
''സുഹൃത്തായ അനൂപ് ചന്ദ്രന്റെ കൂടെ പട്ടിക്കാട്ടേയ്ക്കുള്ള യാത്രക്കിടയിലാണ് പത്താംകല്ലിൽ 10 മിനിറ്റിനുള്ളിൽ മൂന്ന് അപകടം കണ്ടത്. ചെറിയ പരിക്കുകളോടെ അവർ രക്ഷപ്പെടുകയായിരുന്നു. ഉടനെ ഞങ്ങൾ സുഹൃത്തിന്റെ വീട്ടിൽ ചെന്ന് സിമന്റും മണലും മെറ്റലും കടം വാങ്ങി കോൺക്രീറ്റ് കൂട്ടി കുഴിയടച്ചു. തൽക്കാലം അപകടങ്ങൾ ഒഴിവാകും. പക്ഷേ, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം എവിടെയെന്ന് ഞങ്ങൾ യാത്രക്കാർക്കും ഡ്രൈവർമാർക്കുമെല്ലാം അറിയണം.
ജോബി ചുവന്നമണ്ണ്
ഓട്ടോഡ്രൈവർ, ഹ്രസ്വചിത്രസംവിധായകൻ
വിശദീകരണം തേടി ഹൈക്കോടതി
ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്താത്തതിനും കുതിരാൻ തുരങ്കത്തിന്റെ പണികൾ പൂർത്തിയാക്കാത്തതിനുമെതിരെ നൽകിയ ഹർജിയിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. പൂർണമായും തകർന്നുകിടക്കുന്ന റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് നിർദ്ദേശം. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം ചോദിച്ചെങ്കിലും ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. വാദം കേൾക്കുന്നതിനായി കേസ് 29 ലേക്ക് മാറ്റി.