മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ശമ്പളം ചോദിച്ച അദ്ധ്യാപികമാരെ ഭീഷണിപ്പെടുത്താൻ സ്കൂൾ മാനേജ്മെന്റ് ടോയ്ലറ്റിലെ ദൃശ്യങ്ങൾ കാട്ടുന്നതായി പരാതി.
അദ്ധ്യാപികമാരുടെ ടോയ്ലറ്റിലെ ദൃശ്യങ്ങൾ സി.സി ടി.വി ക്യാമറ ഉപയോഗിച്ച് രഹസ്യമായി പകർത്തിയ മാനേജ്മെന്റ് ശമ്പളം ചോദിക്കുമ്പോൾ ഇത് കാണിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. 52 അദ്ധ്യാപികമാരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് സെക്രട്ടറിക്കെതിരെയും മകനെതിരേയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മാസങ്ങളായി ശമ്പളം നൽകുന്നില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.
എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്ന് സ്കൂൾ സെക്രട്ടറി പറഞ്ഞു. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണമാണ് ശമ്പളം നൽകാൻ സാധിക്കാത്തതെന്നാണ് ഇയാൾ പറയുന്നത്. അദ്ധ്യാപികമാരുടെ ടോയ്ലറ്റിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ലെന്നും എന്നാൽ പുരുഷ അദ്ധ്യാപകരുടെ ശുചിമുറിയിൽ ക്യാമറയുണ്ടെന്നും സ്കൂളുകളിൽ അക്രമം വർദ്ധിച്ച സാഹചര്യത്തിലാണ് ഇതെന്നും ഇയാൾ പറയുന്നു.
2017ൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ വിദ്യാർത്ഥികളോട് മുടി വെട്ടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട സ്കൂളാണിത്.