കണ്ണൂർ:കാഴ്ചയുടെ ലോകം ഇവർക്ക് അന്യമാണ്. പക്ഷേ ഇരുട്ടിനെ പഴിക്കാതെ പൊരുതി. അതിനായി ഒത്തുകൂടിയപ്പോൾ പിറന്നത് പുതുചരിത്രം. കാഴ്ചപരിമിതർക്കായി അവർ തന്നെ ഒരുക്കിയ ഇന്ത്യയിലെ ആദ്യ ഓൺലൈൻ റേഡിയോ - പ്രതിഭ ഹൃദയവാണി. ശനി, ഞായർ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രക്ഷേപണം. യൂ ട്യൂബിൽ എപ്പോഴും ലഭ്യം.
സംഗീതപരിപാടികൾ, കുട്ടിപ്രതിഭ, തൂലിക, പ്രതിഭാ സല്ലാപം, രാഗാമൃതം, നാടകങ്ങൾ...വൈകിട്ടാണ് റേഡിയോ സജീവമാകുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അന്ധകലാകാരന്മാരുടെ അകക്കണ്ണിൽ തെളിഞ്ഞ വെളിച്ചമാണിത്. അന്ധരായതിനാൽ മുഖ്യധാരാ വേദികൾ കിട്ടാത്തവരുടെ നിശ്ചയദാർഢ്യവും കരുത്തായി. നൂറോളം പേരുടെ വാട്സ് ആപ്പ് കൂട്ടായ്മ റേഡിയോയിലേക്ക് മാറുകയായിരുന്നു.
വെളിച്ചം പകർന്ന് ഇവർ
പാട്ട് പാടുന്നതും സംഗീത ഉപകരണങ്ങൾ വായിക്കുന്നതും റേഡിയോയുടെ നടത്തിപ്പുകാരും കാഴ്ചയില്ലാത്തവരാണ്. കാഞ്ഞിരപ്പള്ളി അസിസി ബ്ളൈൻഡ് സ്കൂളിലെ അദ്ധ്യാപകൻ മറിയപ്പള്ളി എൻ. ഗോപകുമാറാണ് ഡയറക്ടർ. തിരുവനന്തപുരം നെടുമങ്ങാട് ഗവ. കോളേജിലെ മലയാളം അദ്ധ്യാപികയും ഗായികയുമായ ഡോ. ബീനാകൃഷ്ണനാണ് അവതാരക. മലപ്പുറം കേരള അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനും റിയാലിറ്റി ഷോകളിൽ കുട്ടികളുടെ പരിശീലകനുമായ നിസാർ തൊടുപുഴ, കണ്ണൂർ സ്വദേശിയും യൂണിവേഴ്സിറ്റി താരവുമായിരുന്ന സന്തോഷ് കണ്ണാടിപ്പറമ്പ്, ഗാനരചയിതാവ് മനോജ് എസ് പട്ടാഴി, തബലിസ്റ്റും കൊല്ലം സ്വദേശിയുമായ സുഗുണൻ, ഫ്ളൂട്ടിസ്റ്റ് സി. എ. മുത്തു, നാഷണൽ അസോസിയേഷൻ ഫോർ ബ്ളൈൻഡിന്റെ തിരുവനന്തപുരം ഓഫീസിലെ കംപ്യൂട്ടർ അദ്ധ്യാപകൻ സജു, സംഗീത സംവിധായകൻ ആർ. എൽ.വി സനോജ് എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
അനുഗ്രഹമായി കേരളകൗമുദി കാഴ്ച
കാഴ്ചപരിമിതർക്കായുള്ള കേരളകൗമുദിയുടെ കാഴ്ച ആപ്ളിക്കേഷൻ അനുഗ്രഹമാണെന്ന് ഇവർ പറയുന്നു. ഞങ്ങളുടെ വിഷമം കേരളകൗമുദി മനസിലാക്കിയതിൽ നന്ദിയുണ്ട്.
''കഴിഞ്ഞ ഓണത്തിനാണ് റേഡിയോ തുടങ്ങിത്. കൂടുതൽ പേരെ ഉൾപ്പെടുത്തി വൈവിദ്ധ്യമുള്ള പരിപാടികൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.''
--നിസാർ തൊടുപുഴ
ഹൃദയവാണി നിർവാഹക സമിതി അംഗം