ആദ്യ സർവ്വീസ് ആലപ്പുഴ- ചങ്ങനാശേരി
ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് സർവ്വീസിന് ജില്ലയിൽ ഇന്ന് തുടക്കം. ആലപ്പുഴ ഡിപ്പോയിൽ നിന്ന് ചങ്ങനാശേരിയിലേക്കുള്ള ആദ്യ സർവീസ് രാവിലെ 9ന് പുറപ്പെടും.
ജൂലായ് മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കാര്യമായ പ്രതികരണമുണ്ടായില്ല. യാത്രക്കാരെ ആകർഷിക്കാനായി കഴിഞ്ഞമാസം കാമ്പയിൻ ആരംഭിച്ചതോടെയാണ് കൂടുതൽപേർ ബോണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. സർക്കാർ ഉദ്യാഗസ്ഥരെയും, സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയുമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. ചങ്ങനാശേരി റൂട്ടിലേക്ക് ഇരുപതോളം പേരുടെ ലിസ്റ്റായി. എല്ലാവരെയും കെ.എസ്.ആർ.സി അധികൃതർ നേരിട്ട് ഫേണിൽ വിളിച്ച് ഇന്നു സർവീസ് ആരംഭിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ. മറ്റ് റൂട്ടുകളിലേക്കും ബുക്കിംഗുകൾ വരുന്നുണ്ടെങ്കിലും പല യാത്രക്കാരുടെയും സമയക്രമം യോജിക്കാത്തതാണ് പദ്ധതി ആരംഭിക്കാൻ തടസം.
സീറ്റുറപ്പ്
ബോണ്ട് സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സൗകര്യം ഒരുക്കും. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ സവിശേഷത. അവരവരുടെ ഓഫീസുകൾക്ക് തൊട്ടുമുന്നിൽ ഇറങ്ങാനും അവിടെനിന്ന് തന്നെ കയറാനും സൗകര്യമുണ്ട്.യാത്രക്കാർ 10, 20, 25 ദിവസങ്ങളിലേക്കുപള്ള പണം മുൻകൂറായി അടച്ചാണ് പദ്ധതിയിൽ ചേരേണ്ടത്. ദിവസം അങ്ങോട്ടുമിങ്ങോട്ടും 100 രൂപയാണ് കണക്കാക്കുന്നത്. 25 ദിവസത്തേക്ക് പദ്ധതിയിൽ അംഗമാകുന്ന ആൾ 2500 രൂപ അടയ്ക്കണം. 50 പ്രവൃത്തി ദിവസം വരെ കാലാവധിയുണ്ട്.
ചങ്ങനാശേരി റൂട്ടിലേക്ക് കൂടുതൽ ബുക്കിംഗ് ലഭിച്ചതിനാലാണ് ആദ്യം അവിടേക്ക് സർവീസ് ആരംഭിക്കുന്നത്. അടുത്ത ആഴ്ചയോടെ കൂടുതൽപേർ പദ്ധതിയിൽ ചേരുമെന്നാണ് പ്രതീക്ഷ
അശോക് കുമാർ, ഡി.ടി.ഒ
സമയക്രമം
ആലപ്പുഴ - ചങ്ങനാശേരി: രാവിലെ 9ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടും,
വൈകിട്ട് 5.10ന് ചങ്ങനാശേരിയിൽ നിന്ന് തിരികെ