കണ്ണീരോടെ ശിങ്കാരിമേളം വനിതകൾ
ആലപ്പുഴ: കൊട്ടിക്കയറുന്ന കൊവിഡിനെ പേടിച്ച് പിന്തിരിഞ്ഞോടിയ ശിങ്കാരിമേളം കലാകാരികൾ തിരികെ വരാൻ കൊതിക്കുന്നു. ഓരോ പരിപാടിക്കും 1000- 2000 രൂപ വരുമാനം ലഭിച്ചിരുന്നിടമാണ് ഇപ്പോൾ ശൂന്യമായി കിടക്കുന്നത്.
ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമ ജ്യോതി ശിങ്കാരിമേളം ട്രൂപ്പിൽ 12 സ്ഥിരം കലാകാരിളുണ്ട്. 9 മുതൽ 63 വയസ് വരെയുള്ള ഈ കലാകാരികൾക്ക് എല്ലാ വർഷവും കൈനിറയെ മേളങ്ങൾ കിട്ടാറുണ്ടായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വേദികളിലാണ് ട്രൂപ്പ് തരംഗമായത്. എന്നാൽ കൊവിഡ് എത്തിയതോടെ ചെങ്ങയ്ക്കും ചെണ്ടക്കോലുകൾക്കും വിശ്രമമായി.
ലോക്ക്ഡൗൺ കാലത്ത് കൈനിറയെ ബുക്കിംഗുകളാണുണ്ടായിരുന്നത്. പുതിയ താളവും ചുവടുകളും ഓരോരുത്തരും പരിശീലിച്ചിരുന്നു. ദൂരെദേശങ്ങളിൽ വരെ പരിപാടി അവതരിപ്പിക്കാൻ അവസരമുണ്ടായി. ഇതിനുവേണ്ടി വാദ്യോപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും ധാരാളം തുക മുടക്കി. ലോക്ക് വീണതോടെ എല്ലാം പാടെ നഷ്ടമായി. ക്ഷേത്രങ്ങൾ, പള്ളികൾ, കുടുംബശ്രീ പരിപാടികൾ, ഉദ്ഘാടനങ്ങൾ, വിവാഹം തുടങ്ങി എല്ലാ ചടങ്ങുകളിലും ശിങ്കാരമേളവുമായി ഇവർ എത്തിയിരുന്നു. പരിപാടികളില്ലാതായതോടെ പലരും തൊഴിലുറപ്പിലേക്ക് തിരിച്ചിറങ്ങി. തീറ്റപ്പുൽ കൃഷിയാണ് ഇപ്പോൾ ചെയ്യുന്നത്. ചെറിയ തോതിലെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് വലിയ ആശ്വാസമാകുമെന്ന് ട്രൂപ്പ് അംഗങ്ങൾ പറയുന്നു.
തൊഴിലുറപ്പ് 'ഐഡിയ'
തൊഴിലുറപ്പ് ജോലിക്കിടെ ഒരു കൂട്ടം സ്ത്രീകൾക്ക് തോന്നിയ ആശയമാണ് പിന്നീട് ഗ്രാമ ജ്യോതി എന്ന പേരിൽ ശിങ്കാരി മേളം ട്രൂപ്പായത്. മാരാരിക്കുളം തിലകൻ ആശാനു മുന്നിൽ 36 വനിതകളാണ് പരിശീലനം നേടിയത്. ശാരീരിക അവശതകളെത്തുടർന്ന് കുറച്ച് പേർ ട്രൂപ്പിൽ നിന്നൊഴിവായി. എന്നിരുന്നാലും ലഭിക്കുന്ന ബുക്കിംഗുകൾക്ക് യാതൊരു കുറവുമുണ്ടായില്ല. ധാരാളം ബുക്കിംഗുകളെത്തിയതോടെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ട്രൂപ്പിന് ചെണ്ട വാങ്ങാനായി ഒരു ലക്ഷം രൂപ അനുവദിച്ചു. അങ്ങനെ പത്ത് ചെണ്ട സ്വന്തമാക്കി. പോരായ്മ വന്ന തുക സ്വന്തം കൈയിൽ നിന്ന് മുടക്കി ഇലത്താളവും വാങ്ങി. ഒമ്പത് വർഷം അല്ലലില്ലാതെ കുടുംബം നയിക്കാൻ മേളപ്പരിപാടികൾ സഹായിച്ചതായി വനിതകൾ പറയുന്നു.
ഏറ്റവുമധികം ബുക്കിംഗുകൾ ലഭിച്ച് സമയത്താണ് കൊവിഡ് വില്ലനായത്. കൈയിൽ നിന്ന് കാശ് മുടക്കിയാണ് ഞങ്ങൾ വാദ്യോപകരണങ്ങൾ നന്നാക്കിവെച്ചത്. ഒരു പരിപാടിക്ക് പോയാൽ ആയിരം രൂപ വരെ ലഭിക്കുമായിരുന്നു. വീടിനൊരു വലിയ ആശ്വാസമായിരുന്നു അത്
ബീന സജി, ഗ്രാമജ്യോതി ട്രൂപ്പ് അംഗം
വരുമാനം ( കൊവിഡിനു മുമ്പ്)
കേരളത്തിൽ - ഒരാൾക്ക് ഒരു പരിപാടിക്ക് 1000 രൂപ
കേരളത്തിന് പുറത്ത് - 2000 രൂപയിലധികം