പാലം നിർമ്മാണം അതിവേഗം
ആലപ്പുഴ: കൊല്ലം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കായംകുളം കായലിൽ നിർമ്മിക്കുന്ന പാലം അഴീക്കൽ, വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെയും കൂട്ടിയിണക്കും. ദേശീയപാതയിൽ തടസമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം വഴിയൊരുക്കും.
പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. അടുത്ത മേയിൽ പൂത്തീകരിക്കുകയാണ് ലക്ഷ്യം. 140 കോടി ചെലവഴിക്കുന്ന പാലത്തിന്റെ നിർമ്മാണം 2016 മാർച്ച് നാലിനാണ് ആരംഭിച്ചത്. പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ചെല്ലാനം-കൊല്ലം തീരദേശ ഹൈവേയുടെ വികസനം യാഥാർത്ഥ്യമാകും. കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനും ആക്കംകൂടും. മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും വേഗം തുറമുഖത്ത് എത്തിച്ചേരാൻ കഴിയും.
വേഗത്തിലെത്താം
നിലവിൽ കരുനാഗപ്പള്ളിയിൽ നിന്ന് വലിയഴീക്കൽ എത്താൻ 25 കിലോമീറ്റർ സഞ്ചരിക്കണം. പാലം വരുന്നതോടെ ഇത് 15 കിലോമീറ്ററാവും. ടൂറിസം സാദ്ധ്യയുമുണ്ട്. മാതാ അമൃതാനന്ദമയി ആശമത്തിലേക്കും ദേശീയപാതയ്ക്ക് സമാന്തരമായൊരു പാതയാണ് തുറക്കപ്പെടുന്നത്.
പാലം ഇങ്ങനെ
976 മീറ്റർ നീളം, 12മീറ്റർ വീതി
37 മീറ്റർ നീളത്തിൽ 13 സ്പാനുകൾ
12.5 മീറ്ററിന്റെ 13 സ്പാനുകൾ
110 മീറ്ററിന്റെ മൂന്ന് സ്ളാബുകൾ
സ്ളാബുകളിൽ രണ്ടെണ്ണം പൂർത്തിയായി
സ്പാനുകൾ 13ഉം പൂർത്തിയായി