കോട്ടയം: മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ജോസഫ് ഗ്രൂപ്പിലെത്തിയതിനു പിറകേ ജോസിനൊപ്പം നിൽക്കുന്നവരിൽ ഇടതുപക്ഷത്തേക്ക് പോകാൻ താല്പര്യമില്ലാത്തവരെ അടർത്തിമാറ്റാനുള്ള നീക്കം കോൺഗ്രസ് ശക്തമാക്കി.
ജോസ് പക്ഷത്തെ ജനറൽ സെക്രട്ടറിയായ ജോസഫ് എം പുതുശ്ശേരി വന്നതോടെ അസംതൃപ്തരുടെ ഒഴുക്ക് യു.ഡി.എഫിലേക്ക് ഉണ്ടാകുന്ന തരത്തിലുള്ള കരുനീക്കങ്ങളാണ് കോൺഗ്രസ് ,ജോസഫ് വിഭാഗം നേതാക്കൾ നടത്തിവരുന്നത്.
സി.പി.എം പച്ചക്കൊടി വീശുകയും സി.പി.ഐ നിലപാടിൽ അയവുവരുത്തുകയും ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ഇടതു ധാരണ ഉണ്ടാക്കുമെന്ന സൂചന മുതിർന്ന നേതാക്കൾക്കും അണികൾക്കും ജോസ് നൽകിയിരുന്നു.
അർഹമായ പരിഗണന ഇടതു മുന്നണി നൽകുമെന്ന പ്രതീക്ഷയിൽ സി.പി.എം ജില്ല സെക്രട്ടറിമാരുമായി അനൗദ്യോഗിക ചർച്ചകളും ആരംഭിച്ചതിനിടെയാണ് ജോസ് പക്ഷത്തെ പിളർത്താനുള്ള നീക്കം കോൺഗ്രസ് ശക്തമാക്കിയത്. കോട്ടയത്ത് ഉമ്മൻചാണ്ടി, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത കോൺഗ്രസ് നേതൃയോഗത്തിൽ ജോസ് പക്ഷത്തെ അസംതൃപ്തരെ യു.ഡി.എഫിൽ നിലനിറുത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പുതുശ്ശേരി പത്തനംതിട്ട ജില്ലയിലെ നിരവധി നേതാക്കളുമായി ജോസ് വിഭാഗം വിട്ടത്. കോട്ടയത്തെ മുതിർന്ന നേതാവടക്കം നിരവധി പ്രമുഖർ പാർട്ടി വിടുമെന്ന പ്രചാരണവും ശക്തമാണ്.
ജോസഫ് എം പുതുശ്ശേരി
കെ.എം.മാണിയെ നിരന്തരം വേട്ടയാടിയ ഇടതു മുന്നണിക്കൊപ്പം ചുവടുറപ്പിക്കാനുള്ള ജോസ് വിഭാഗത്തിന്റെ നീക്കം ആത്മഹത്യാപരമായതിനാലാണ് യു.ഡി.എഫിൽ ഉറച്ചു നിൽക്കുന്ന ജോസഫ് പക്ഷത്ത് ചേരുന്നതെന്ന് മുൻ എം.എൽ.എയും ജോസ് വിഭാഗം ജനറൽ സെക്രട്ടറിയുമായ ജോസഫ് എം. പുതുശ്ശേരി അറിയിച്ചു.