കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ ആദ്യമാസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഭവന വായ്പകൾക്ക് വീണ്ടും ഡിമാൻഡ് കൂടുന്നു. ജൂലായിലും ആഗസ്റ്റിലും ഭവന വായ്പയ്ക്ക് വൻ ഉണർവുണ്ടായെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ട്രാൻസ്യൂണിയൻ സിബിൽ വ്യക്തമാക്കി.
കഴിഞ്ഞവർഷത്തെ സമാനകാലത്തിന് തുല്യമായ നേട്ടം കഴിഞ്ഞ രണ്ടുമാസക്കാലത്തുണ്ടായി. എന്നാൽ, കൊവിഡിന് മുമ്പത്തെ മാസങ്ങളിലെ വളർച്ചയിലേക്ക് ഇനിയും വായ്പാ വിതരണം എത്തിയിട്ടില്ലെന്നും സിബിൽ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളാണ് ഉണർവിന് നേതൃത്വം നൽകുന്നത്.
വ്യക്തിഗത വായ്പകൾക്ക് പൊതുമേഖലാ ബാങ്കുകളിലുണ്ടായ അന്വേഷണം കഴിഞ്ഞവർഷത്തേതിന്റെ 118 ശതമാനത്തിലും കൊവിഡിന് മുമ്പത്തെ മാസങ്ങളിലേതിന്റെ (ജനുവരി, ഫെബ്രുവരി) 102 ശതമാനത്തിലുമെത്തി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അന്വേഷണത്തിന്റെ മൂന്നിലൊന്ന് കഴിഞ്ഞ രണ്ടുമാസങ്ങളിലായി സ്വകാര്യ ബാങ്കുകൾക്ക് ലഭിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി) ലഭിച്ചത് 50 ശതമാനമാണ്.
2019ലെ ജൂലായ്-ആഗസ്റ്റിലേതിന്റെ 112 ശതമാനം അന്വേഷണമാണ് ഈവർഷത്തെ സമാനമാസങ്ങളിൽ ഭവന വായ്പകൾക്ക് ലഭിച്ചത്; എന്നാൽ, ജനുവരി-ഫെബ്രുവരിയുടെ 92 ശതമാനം മാത്രമാണിത്. വാഹന വായ്പകൾ കഴിഞ്ഞവർഷത്തേതിന്റെ 88 ശതമാനവും ജനുവരി-ഫെബ്രുവരിയുടെ 84 ശതമാനവും തിരിച്ചുപിടിച്ചു.
ഈടിന്മേലുള്ള വായ്പകളിൽ തിരിച്ചുപിടിച്ചത് 90 ശതമാനമാണ്. ജനുവരി-ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ലഭിച്ചത് 72 ശതമാനം.
എല്ലാ ബാങ്കുകളിലുമായി വ്യക്തിഗത വായ്പകളുടെ അന്വേഷണമാണ് ഇനിയും ഉണർവിലെത്താനുള്ളത്. ജൂലായ്-ആഗസ്റ്റിൽ ഈയിനത്തിലെ അന്വേഷണം 2019ലെ സമാനമാസങ്ങളുടെ 40 ശതമാനം മാത്രമാണ്. ജനുവരി-ഫെബ്രുവരിയുടെ 47 ശതമാനവും. ജനുവരി-ഫെബ്രുവരിയുടെ 61 ശതമാനം അന്വേഷണങ്ങൾ ക്രെഡിറ്റ് കാർഡുകളും തിരിച്ചുപിടിച്ചു.
വായ്പകളുടെ തിരിച്ചുവരവ്
(വായ്പാ ഇനങ്ങളും ഉണർവും)
ഭവന വായ്പ : ജൂലായ്-സെപ്തംബറിൽ 2019ലെ സമാനമാസങ്ങളെ അപേക്ഷിച്ച് അന്വേഷണം - 112%; ഈവർഷം ജനുവരി-ഫെബ്രുവരിയുടെ 92 ശതമാനം.
വാഹന വായ്പ : ജൂലായ് - സെപ്തംബറിൽ അന്വേഷണം 88 ശതമാനം; കൊവിഡിന് മുമ്പത്തെ മാസങ്ങളുടെ 84 ശതമാനമാണിത്.
എന്താണ് നേട്ടം?
എസ്.ബി.ഐ., ബാങ്ക് ഒഫ് ബറോഡ, യൂമിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിങ്ങനെ പ്രമുഖ ബാങ്കുകളിൽ ഭവന വായ്പാ പലിശനിരക്ക് ഏഴ് ശതമാനത്തോളം മാത്രമാണ്. ഭവന വായ്പാ ഇടപാടുകാർക്ക് വിവിധ സംസ്ഥാനങ്ങൾ നികുതിയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.