തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ട്രഷറി സോഫ്റ്റ് വെയറിലെ തട്ടിപ്പിനുള്ള പഴുതുകളെല്ലാം അടച്ചെന്ന സർക്കാരിന്റെ അവകാശവാദം പൊളിയുന്നു. സോഫ്റ്റ് വെയർ പ്രവർത്തനം മെല്ലെപ്പോക്കിൽ തന്നെ.
ഓണക്കാലത്ത് വീണ്ടും സോഫ്റ്റ് വെയർ വീണ്ടും പണിമുടക്കിയപ്പോൾ, ശമ്പളവും ബോണസും അഡ്വാൻസുമൊക്കെ ഒരുമിച്ചു വന്നതാണ് കാരണമായി പറഞ്ഞത്. ഇപ്പോൾ തിരക്കില്ലാത്തപ്പോഴും ബില്ലുകൾ മാറാൻ കൂടുതൽ സമയമെടുക്കുന്നു.
2017ൽ ട്രഷറിയിലെ ട്രഷറി സേവിംഗ്സ് ബാങ്ക്, ട്രഷറി ഇൻഫർമേഷൻ സിസ്റ്റം എന്നിവ കോർ സംവിധാനത്തിലേക്ക് മാറിയപ്പോൾ ആയിരക്കണക്കിന് ഡമ്മി എസ്.ബി അക്കൗണ്ടുകൾ ട്രഷറികളിൽ പുനഃസൃഷ്ടിക്കപ്പെട്ടു. ക്ലോസ് ചെയ്തതോ ഇടപാടുകൾ അവസാനിപ്പിച്ചതോ ആയ അക്കൗണ്ടുകൾ ഡമ്മിയെന്ന പേരിൽ പുതിയ സോഫ്റ്റ് വെയറിൽ തുടരുകയാണ്. വഞ്ചിയൂർ മോഡൽ തട്ടിപ്പിന് ഇതവസരമൊരുക്കുന്നതായി ജീവനക്കാർ പറയുന്നു.
കോർ ടി.എസ്.ബിയിലെ ഇ-പി.ഒ.സി (ഇലക്ട്രോണിക് പേ ഓർഡർ ചെക്ക്) വഴി തുക കൃത്യമായി ട്രാൻസ്ഫർ ചെയ്ത പല ഇടപാടുകളിലും'ഫെയിൽഡ്' എന്ന് കാണിക്കാറുണ്ട്. അപ്പോൾ, ട്രഷറി ജീവനക്കാർ ഇടപാടുകാരനെ വിളിച്ചു പണം കിട്ടിയോയെന്ന് ഉറപ്പുവരുത്തും. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കു ഓൺലൈനായി തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിപ്പോയാൽ തിരുത്താനുള്ള ലിങ്ക് സൗകര്യവും എടുത്തുകളഞ്ഞു. ഇടപാടിന് മുമ്പ് അക്കൗണ്ട് നമ്പരിലുള്ള പിഴവ് കണ്ടുപിടിച്ചാലും ജില്ലാ ട്രഷറി വഴിയേ പിന്നീട് ഇടപാട് നടത്താനാവൂ.
വഞ്ചിയൂർ സബ് ട്രഷറിയിലെ രണ്ട് കോടിയുടെ തട്ടിപ്പിൽ പ്രതിയെ പിടികൂടിയെങ്കിലും ഓൺലൈനായി 74 ലക്ഷം രൂപ തട്ടിച്ച കേസ് ഇനിയും വെളിച്ചം കണ്ടില്ല. ട്രഷറി ഡയറക്ടറേറ്റിന്റെ കൂടി സഹകരണമുണ്ടെങ്കിലേ ഇത് നടക്കൂ. വീഴ്ചയ്ക്ക് ഉത്തരവാദികളായ വഞ്ചിയൂർ ട്രഷറിയിലെ കമ്പ്യൂട്ടർ സെല്ലുകാരെത്തന്നെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനും ചുമതലപ്പെടുത്തിയതായി ജീവനക്കാർ ആരോപിക്കുന്നു.