കാസർകോട്: മുതിർന്ന മതപണ്ഡിതനും, കേരളത്തിലേയും കർണാടകയിലെയും വിവിധ മഹല്ലുകളുടെ ഖാസിയുമായിരുന്ന പി.എം. ഇബ്രാഹിം മുസലിയാർ ബേക്കൽ (73) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. സമസ്ത കേരള ജം ഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ഉഡുപ്പി, ചിക്കമഗളൂരു, ഷിമോഗ ജില്ലകളിലെയും കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെയും ഖാസി കൂടിയായിരുന്നു.
42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആസിയ. മക്കൾ: സ്വാലിഹ്, ജലീൽ, നാസർ സഅദി, അനീസ, നസീബ. മരുമക്കൾ: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം കർണാടക മോണ്ടുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.