കോഴിക്കോട്: ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂ-ഭവന രഹിത ഗുണഭോക്താക്കൾക്കായി ജില്ലയിൽ നിർമ്മിക്കുന്ന മൂന്ന് ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കര, മാവൂർ ഗ്രാമപഞ്ചായത്തിലെ പൊൻപറകുന്ന്, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മന്ദൻകാവ് എന്നിവിടങ്ങളിലാണ് ഭവന സമുച്ചയം ഉയരുക. തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീന് അദ്ധ്യക്ഷത വഹിച്ചു.
പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാ ഫലക അനാച്ഛാദനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. എലോക്കരയിലെ 1.75 ഏക്കർ സ്ഥലത്ത് 7.02 കോടി ചെലവിലാണ് ഭവന സമുച്ചയം നിർമ്മിക്കുന്നത്. ആദ്യഘട്ടം 5.58 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സമുച്ചയത്തിൽ നാല് നിലകളിലായി 44 വീടുകളാണ് ഉണ്ടാവുക. കൂടാതെ വയോജനങ്ങൾക്കായി പ്രത്യേക മുറി, സിക്ക് റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവയുമുണ്ടാകും.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജോർജ് എം തോമസ് എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയ വി.ഇ. ഒ പി.പി.അബ്ദുൽ ജലീലിന് മന്ത്രി മൊമന്റോ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രാകേഷ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം.ഇ.ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജലീൽകോയ തങ്ങൾ, അംബിക മംഗലത്ത്, പുതുപ്പാടി സഹകരണബാങ്ക് പ്രസിഡന്റ് കെ.സി.വേലായുധൻ, ബിജു താന്നിക്കാക്കുഴി, ടി.എം.പൗലോസ്, ശിഹാബ് അടിവാരം, ഗഫൂർ അമ്പുടു, സിദ്ധിഖ് കൈതപ്പൊയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
മാവൂർ പൊൻപാറക്കുന്നിൽ നിർമ്മിക്കുന്ന ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പൊതുമരാമത്ത് നൽകിയ 2.66 ഏക്കർ സ്ഥലത്താണ് ഭവന സമുച്ചയം ഉയരുക. 44 കുടുംബങ്ങൾക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.71 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോൽക്കുന്നിൽ 5.25 കോടി രൂപ ചെലവിൽ 42 കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണം പുരോഗമിക്കുകയാണ്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി.ശിവദാസൻ നായർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബ്രിജേഷ്, വാസന്തി വിജയൻ, കെ.ഉസ്മാൻ, കവിതാ ഭായ്, അപ്പുക്കുഞ്ഞൻ, രവികുമാർ പനോളി, സുരേഷ് പുതുക്കുടി, കെ.പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മന്ദൻകാവിൽ നാല് നിലകളിലായി 72 ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ 1.96 ഏക്കർ സ്ഥലത്താണ് 10.54 കോടി രൂപ ചെലവിൽ ഫ്ലാറ്റ് ഉയരുക. ഓരോ ഫ്ളാറ്റിലും രണ്ട് ബെഡ്റും, ഹാൾ, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക.