കോഴിക്കോട്: ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രത്യേക എഫ്.എൽ.ടി.സികൾ ഒരുക്കും. ഇതിനുള്ള നിർദ്ദേശം ജില്ലാ കളക്ടർ സാംബശിവറാവു തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകി. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും രോഗലക്ഷണങ്ങളില്ലാത്തവരും മറ്റ് ബുദ്ധിമുട്ടുകളില്ലാത്തവരുമാണ്.ഇവർ വീടുകളിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എന്നാൽ ഇവരിൽ പലർക്കും വീടുകളിൽ മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക എഫ്.എൽ.ടി.സികൾ സജ്ജമാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നേരത്തെ എഫ്.എൽ.ടി.സികൾക്കായി കണ്ടെത്തിയ സ്ഥാപനങ്ങൾ ഇതിനായി ഉപയോഗിക്കാം. 50 ബെഡുകളെങ്കിലും സജ്ജീകരിക്കാൻ സൗകര്യമുണ്ടാകണം. എഫ്.എൽ.ടി.സികൾ തദ്ദേശഭരണ സ്ഥാപനത്തിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. മൊബൈൽ മെഡിക്കൽ സംഘം ഓരോ എഫ്.എൽ.ടി.സികളും സന്ദർശിക്കുകയും പരിശോധനകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും. എഫ്.എൽ.ടി.സിയുടെ നോഡൽ ഓഫീസർ, ശുചീകരണതൊഴിലാളികൾ വോളണ്ടിയർമാർ എന്നിവരെ തദ്ദേശഭരണ സ്ഥാപനങ്ങൾ നിയമിക്കും. ആവശ്യമെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ സേവനം സെക്രട്ടറിമാർ ലഭ്യക്കണം. ഭക്ഷണം കുടുംബശ്രീ യൂണിറ്റുകൾ വഴി ഏർപ്പെടുത്തണം. പ്രത്യേക എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കുന്നവർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതും ആശുപത്രികളിലേക്കോ ചികിത്സാ സൗകര്യമുള്ള എഫ്.എൽ.ടി.സികളിലേക്കോ മാറ്റണമെന്നും കളക്ടർ അറിയിച്ചു.