നിലമ്പൂർ: അങ്കൺവാടികളിലേക്ക് ടി.വികൾ വിതരണം ചെയ്തപ്പോൾ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളെ അവഗണിച്ചെന്നു പരാതി. ഇക്കാര്യം അന്വേഷിക്കാനെത്തിയ പ്രതിപക്ഷ നേതാവിന്റെ കൈയിൽ നിന്നും ലിസ്റ്റ് വാങ്ങി ചെയർപേഴ്സൺ കീറിയെറിഞ്ഞെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. നേരത്തെ കൗൺസിൽ അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് ടി.വികൾ നൽകേണ്ടത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കൺവാടികളെ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ഡിവിഷനുകളെ പരിഗണിക്കാഞ്ഞതിന് കാരണമായി പറയുന്നതെന്നും എന്നാൽ വ്യാഴാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇത്തരം അങ്കണവാടികൾക്കും ടി.വി നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ കൗൺസിലർമാരായ എൻ.വേലുക്കുട്ടി, അസ്റത്ത്, അരുമ ജയകൃഷ്ണൻ എന്നിവർ പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്പറഞ്ഞു. ആവശ്യങ്ങൾ കൗൺസിലിൽ ഉന്നയിക്കാതെ പുറത്ത് പ്രതിഷേധിച്ചിട്ട് കാര്യമില്ല. പരാതിയുണ്ടെങ്കിൽ നേരിട്ടറിയിച്ചാൽ നടപടികളെടുക്കും. വൈദ്യുതി കണക്ഷനോ വയറിംഗ് പൂർത്തിയാവുകയോ ചെയ്യാത്ത അങ്കണവാടികൾക്ക് ടി.വി പ്രയോജനപ്പെടുത്താൻ കാലതാമസം നേരിടുമെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ഇക്കാര്യത്തിൽ നടപടികളിൽ വീഴ്ചയുണ്ടായെന്ന് വൈസ് ചെയർമാൻ പി.വി.ഹംസ പറഞ്ഞു. മുഴുവൻ അങ്കൺവാടികളിലേക്കും ടി.വി നൽകണമെന്ന നിലപാടാണ് ഭരണസമിതി എടുത്തത്. ക്ഷേമകാര്യകമ്മിറ്റി എടുത്ത തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്യാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വൈസ് ചെയർമാൻ പറഞ്ഞു.