ദുബായ് : ആദ്യ പന്തുമുതൽ അവസാനപന്തുവരെ കളം നിറഞ്ഞുനിന്നാടിയ ക്യാപ്ടൻ കെ.എൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയും (132* )ബൗളർമാരുടെ കൃത്യതയും ചേർന്ന് ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവന് കൂറ്റൻ വിജയം സമ്മാനിച്ചു. 97 റൺസിനാണ് കെ.എൽ രാഹുലും സംഘവും വിരാടിനെയും സംഘത്തെയും തകർത്തുകളഞ്ഞത്.
69 പന്തുകളിൽ 7 സിക്സുകളും 14 ഫോറുമടക്കം രാഹുൽ പുറത്താകാതെ 132 റൺസടിച്ചപ്പോൾ പഞ്ചാബ് നിശ്ചിത 20 ഒാവറിൽ 206/3 എന്ന സ്കോറിലെത്തി.മറുപടിക്കിറങ്ങിയ ബാംഗ്ളൂർ 17ഒാവറിൽ 109 എന്ന സ്കോറിൽ ആൾഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് രാഹുലും മായാങ്ക് അഗർവാളും (26)ചേർന്ന് കിടിലൻ തുടക്കമാണ് നൽകിയത്. ഏഴോവറിൽ 57 റൺസാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. 20 പന്തുകളിൽ നാല് ബൗണ്ടറികൾ പായിച്ച മായാങ്കിനെ മടക്കി അയച്ച് സ്പിന്നർ യുസ്വേന്ദ്ര ചഹലാണ് ബാംഗ്ളൂരിന് ആദ്യ ബ്രേക്ക് നൽകിയത്. ഏഴാം ഒാവറിന്റെ അവസാന പന്തിൽ മായാങ്കിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു ചഹൽ.
തുടർന്ന് ക്രീസിലെത്തിയ കരീബിയൻ താരം നിക്കോളാസ് പുരാൻ ക്യാപ്ടന് പിന്തുണ നൽകിയതോടെ ടീം നൂറും രാഹുൽ അമ്പതും കടന്നു.നേരിട്ട 36-ാമത്തെ പന്തിലാണ് രാഹുൽ അർദ്ധസെഞ്ച്വറിയിലെത്തിയത്. 12 ഒാവർ പൂർത്തിയായപ്പോൾ പഞ്ചാബ് 100 കടന്നിരുന്നു.ക്യാപ്ടനൊപ്പം 57 റൺസ് കൂട്ടിച്ചേർത്തശേഷമാണ് നിക്കോളാസ് മടങ്ങിയത്. ശിവം ദുബെയുടെ പന്തിൽ ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകിയ നിക്കോളാസ് 18 പന്തുകളിലാണ് 17 റൺസെടുത്തത്. പകരമിറങ്ങിയ ഗ്ളെൻ മാക്സ്വെല്ലിന് (5)ഇത്തവണയും മികവ് കാട്ടാനായില്ല ദുബെയുടെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയാണ് മാക്സ്വെൽ മടങ്ങിയത്. ഇതോടെ പഞ്ചാബ് 15.2 ഒാവറിൽ 128/3 എന്ന നിലയിലായി.പിന്നീട് കരുൺ നായരെ സാക്ഷിനിറുത്തി കൂറ്റൻ സിക്സുകളിലൂടെ രാഹുൽ സെഞ്ച്വറിയിലേക്ക് കുതിച്ചു.
മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന്റെ നട്ടെലല്ലൊടിച്ചത് കോട്ടെറലും ഷമിയും ചേർന്നാണ്. ആദ്യ ഒാവറിൽതന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(1) കോട്ടെറെൽ രവി ബിഷ്ണോയ്യുടെ കയ്യിലെത്തിച്ചു.അടുത്ത ഒാവറിൽ ഷമി ജോഷ് ഫിലിപ്പിനെ(0) എൽ.ബിയിൽ കുരുക്കി. മൂന്നാം ഒാവറിൽ കോട്ടെറൽ വിരാടിനെയും (0) മടക്കി അയച്ചതോടെ ബാംഗ്ളൂരിന്റെ കാര്യത്തിൽ തീരുമാനമായിരുന്നു.പിന്നീട് വിക്കറ്റുകൾ ഒന്നൊന്നായി പൊഴിഞ്ഞുകൊണ്ടേയിരുന്നു. ആരോൺ ഫിഞ്ച്(20), ഡിവില്ലിയേഴ്സ് (28),വാഷിംഗ്ടൺ സുന്ദർ(30), ശിവം ദുബെ (12) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പഞ്ചാബിനായി രവി ബിഷ്ണോയ്,എം.അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കോട്ടെറെലിന് രണ്ട് വിക്കറ്റ് ലഭിച്ചു. ഷമി ,മാക്സ്വെൽ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി.
കൈവിട്ട് കൊഹ്ലി
പതിവില്ലാത്ത വിധം ഫീൽഡിംഗിൽ പിഴവ് കാട്ടിയ ബാംഗ്ളൂർ നായകൻ വിരാട് കൊഹ്ലി രണ്ട് തവണയാണ് രാഹുലിന്റെ ക്യാച്ച് കൈവിട്ടത്.
69 പന്തുകൾ
7 സിക്സുകൾ
14 ഫോറുകൾ
132 റൺസ്
ഐ.പി.എല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ