മലപ്പുറം: എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലയ്ക്ക് മിന്നുംനേട്ടം. മൂന്നാം റാങ്കിന്റെ തിളക്കത്തിനൊപ്പം ആദ്യ10 റാങ്കുകളിൽ ജില്ലയിൽ നിന്ന് മൂന്ന് മിടുക്കർ ഇടംപിടിച്ചു. നെടിയിരുപ്പ് മുസ്ലിയാരങ്ങാടി സ്വദേശി തയ്യിൽ വീട്ടിൽ പി.നിയാസ് മോൻ മൂന്നാംറാങ്ക് കരസ്ഥമാക്കി. 585 ആണ് സ്കോർ. ഒന്നാംറാങ്ക് നേടിയ കോട്ടയം സ്വദേശി കെ.എസ്.വരുണിന്റെ സ്കോർ 593 ആണ്. നെടിയിരുപ്പ് മുസ്ലിയാരങ്ങാടി സ്വദേശി നനക്കൽ വീട്ടിൽ തസ്ലീം ബാസിൽ ഏഴാംറാങ്ക് നേടി ജില്ലയിൽ രണ്ടാമനായി. 582 ആണ് സ്കോർ. വാലില്ലാപ്പുഴ കൂട്ടോളി സ്വദേശി യു. മുഹമ്മദ് നിഹാദ് ഒമ്പതാംറാങ്ക് കരസ്ഥമാക്കി. 580 ആണ് സ്കോർ. കഴിഞ്ഞ വർഷം ആദ്യ പത്ത് റാങ്കുകളിൽ ജില്ലയിൽ നിന്ന് ആരും ഉൾപ്പെട്ടിരുന്നില്ല. 20 ആയിരുന്നു ജില്ലയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക്. ഇത്തവണ ഫാർമസിയിൽ റാങ്കുകളൊന്നുമില്ല. കഴിഞ്ഞ തവണ ആദ്യ രണ്ട് റാങ്കുകൾ ജില്ലയിലായിരുന്നു.
മുന്നോട്ടു തന്നെ
ഏറ്റവും കൂടുതൽ കുട്ടികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ മൂന്നാംസ്ഥാനത്താണ് ജില്ല. 5,812 പേർ. ഇക്കാര്യത്തിൽ ഒന്നാംസ്ഥാനത്ത് തിരുവനന്തപുരമാണ്. ഇവിടെ നിന്ന് 6,479 പേർ റാങ്ക് ലിസ്റ്റിൽ ഇടംനേടി. തൊട്ടുപിന്നിലുള്ള എറണാകുളത്ത് 6119 പേരുണ്ട്. ആദ്യ ആയിരം പേരിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉൾപ്പെട്ടതിൽ ജില്ലയ്ക്ക് നാലാംസ്ഥാനമാണ്. 108 മിടുക്കരാണ് ജില്ലയിൽ നിന്നും ഇടംപിടിച്ചത്. ഒന്നാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത് നിന്ന് 126 പേരുണ്ട്. സംസ്ഥാനത്ത് ആകെ 53,236 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആദ്യ ആയിരം റാങ്ക്
ജില്ല റാങ്ക് ലിസ്റ്റിലുള്ളവർ ആദ്യ ആയിരം
തിരുവനന്തപുരം - 6,479 - 126
എറണാകുളം - 6,119 - 175
മലപ്പുറം - 5,812 - 108
തൃശൂർ - 5,335 - 80
കൊല്ലം - 5,306 - 61