മരണകാരണം ഹൃദയാഘാതം, ദുര്യോഗമുണ്ടായത് മുംബയ്യിലെ ഹോട്ടലിൽ വച്ച് മുംബയ് : ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ കമന്റേറ്ററായെത്തിയ മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡീൻ മെർവിൻ ജോൺസ്(59) മുംബയ്യിലെ ഹോട്ടലിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. സ്റ്റാർ സ്പോർട്സ് ചാനലിന് വേണ്ടി കമന്ററി നടത്താനായി ഡീൻ ജോൺസ് ഉൾപ്പടെയുള്ള മുൻകാല താരങ്ങൾ ദക്ഷിണ മുംബയ്യിലെ ഹോട്ടലിലായിരുന്നു താമസം. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷമുള്ള പതിവ് പ്രോഗ്രാം മീറ്റിംഗ് കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം തമാശപറഞ്ഞ് ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് ജീവൻ നഷ്ടമായിരുന്നു. ആസ്ട്രേലിയയിലുള്ള ജോൺസിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്നും സ്റ്റാർ സ്പോർട്സ് ചാനൽ അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമ്മീഷന്റെ സഹായം തേടിയിട്ടുണ്ട്. ആസ്ട്രേലിയയ്ക്ക് വേണ്ടി 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ച താരമാണ്. 1994ൽ കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി സജീവമായിരുന്നു.
അതിവേഗത്തിൽ റണ്ണുകളടിച്ചുകൂട്ടുകയും ഞൊടിയിടയിൽ വിക്കറ്റുകൾക്കിടയിലെ ഓട്ടം പൂർത്തിയാക്കുകയും ചെയ്യുന്ന ബാറ്റ്സ്മാൻ, പരിശീലകൻ,സെലക്ടർ, നിർഭയമായി അഭിപ്രായമെഴുതുന്ന കോളമിസ്റ്റ്,വാക്കുകൾകൊണ്ട് വിസ്മയം തീർക്കുന്ന കമന്റേറ്റർ ...എന്നിങ്ങനെ ഏറ്റെടുത്ത ഒാരോ ചുമതലയും ഭംഗിയാക്കിയ വ്യക്തിത്വമായിരുന്നു ഇന്നലെ മുംബയ്യിൽ അന്തരിച്ച കമന്റേറ്റർ ഡീൻ ജോൺസ്.
1996 ലോകകപ്പിൽ സനത് ജയസൂര്യയും കലുവിതരണയുമൊക്കെ അതിവേഗത്തിൽ റൺസടിച്ചുകൂട്ടി പുതിയ ട്രെൻഡ് സൃഷ്ടിക്കുന്നതിനും മുമ്പ് ഏകദിനക്രിക്കറ്റിൽ വേഗമേറിയ ഇന്നിംഗ്സുകൾ തീർത്തയാളാണ് ജോൺസ്. പിന്നീടുവന്ന മൈക്കേൽ ബെവന്റെ മാതൃകയും അദ്ദേഹമായിരുന്നു.
1961ൽ ആസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ് 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലംഅന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. 245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.85 ശരാശരിയിൽ 19,188 റൺസ് നേടി. ഇതിൽ 55 സെഞ്ച്വറികളും 88 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.
1984 ജനുവരി 30ന് അഡ്ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ വിരമിച്ചു. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.
ടെസ്റ്റിൽ 89 ഇന്നിംഗ്സുകളിൽനിന്ന് 46.55 ശരാശരിയിൽ 3631 റൺസ് നേടി. ഇതിൽ 11 സെഞ്ച്വറികളും 14 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 216 റൺസാണ് ഉയർന്ന സ്കോർ. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തിൽ 161 ഇന്നിങ്സുകളിൽനിന്ന് 44.61 ശരാശരിയിൽ 6068 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 145 റൺസാണ് ഉയർന്ന സ്കോർ. 54 ക്യാച്ചുകളും സ്വന്തമാക്കി.
കളിക്കാരനായിരുന്നപ്പോഴും കമന്റേറ്ററായിരുന്നപ്പോഴും വിവാദങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1993ലെ സിഡ്നി ടെസ്റ്റിനിടെ വിൻഡീസ് പേസർ കർട്ട്ലി അംബ്രോസിനോട് റിസ്റ്റ് ബാൻഡ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ബഹളം വച്ചതും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആസ്ട്രേലിയൻ ടീമിൽ നിന്ന് പുറത്തായതിൽ ക്ഷുഭിതനായി പ്രതികരിച്ചതും ഉദാഹരണങ്ങളാണ്. ടെൻ സ്പോർട്സ് കമന്റേറ്ററായിരിക്കെ ഹാഷിം അംലയെക്കുറിച്ച് ഒാവറിന്റെ ഇടവേള സമയത്ത് ഭീകരൻ എന്ന് പറഞ്ഞത് പുറം ലോകമറിഞ്ഞ് വിവാദമായപ്പോൾ മാപ്പുപറഞ്ഞിരുന്നു.2005ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തന്നെ പരിഗണിക്കാതെ ഗ്രെഗ് ചാപ്പലിനെ തിരഞ്ഞെടുത്തതിൽ നിരാശയുണ്ടായിരുന്നു.
പ്രൊഫസർ ഡീനോ
ക്രിക്കറ്റ് വൃത്തങ്ങളിൽ ഡീൻ ജോൺസിനെ വിളിച്ചിരുന്നത് പ്രൊഫസർ ഡീനോ എന്നാണ്. ഇ.എസ്.പി.എൻ ചാനലിന്റെ കമന്റേറ്റർ ആയിരുന്ന കാലത്ത് വെറൈറ്റിക്ക് വേണ്ടി ജോൺസ് കെട്ടിയതാണ് ഈ പ്രൊഫസർ വേഷം. കാണികൾക്ക് ലളിതമായ രീതിയിൽ ക്രിക്കറ്റിന്റെ സാങ്കേതിക കാര്യങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകനായാണ് അദ്ദേഹം അവതരിച്ചത്.