ടോക്കിയോ : പ്രായം തളർത്താത്ത പോരാളിയെന്ന് കസുയോഷി മിയൂറയെ അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാം. കാരണം 53-ാം വയസിലും ജപ്പാനിലെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗലായ ജെ- ലീഗിൽ കളിച്ചിരിക്കുകയാണ് കിംഗ് കാസു എന്ന വിളിപ്പേരുള്ള കസുയോഷി മിയൂറ. ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫുട്ബാൾ ലീഗുകളിൽ നിലവിലെ ഏറ്റവും പ്രായമേറിയ കളിക്കാരനും ഏറ്റവും പ്രായമേറിയ ഗോൾ സ്കോററുമാണ് യോക്കോഹാമ എഫ്.സിയുടെ ഈ ഫോർവേഡ്. 34വർഷം പിന്നിട്ട പ്രൊഫഷണൽ കരിയറിൽ ബ്രസീലിയൻ ക്ളബുകളായ സാന്റോസ്,പാൽമെറാസ്,ഇറ്റാലിയൻ ക്ളബ് യെനോവ തുടങ്ങിയവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കവാസാക്കി ഫ്രോണ്ടേൽ ക്ളബിനെതിരായ ജെ ലീഗ് മത്സരത്തിലാണ് മിയൂറ കളിക്കാനിറങ്ങിയത്. അദ്ദേഹത്തെ ആദരിക്കാനായി ക്യാപ്ടന്റെ ആംബാൻഡ് ധരിപ്പിച്ചാണ് യോക്കോഹാമ ക്ളബ് ഗ്രൗണ്ടിലേക്ക് ഇറക്കിയത്. ഈ പ്രായത്തിലും ഒരു മണിക്കൂറോളം അദ്ദേഹം കളിക്കളത്തിൽ ചെലവിട്ടു.പിന്നെ പകരക്കാരനെയിറക്കി. മിയൂറ ചരിത്രം കുറിച്ചെങ്കിലും യോക്കോഹാമ മത്സരത്തിൽ 2-3ന് തോൽക്കുകയായിരുന്നു.
1986 ലാണ് കസുയോഷി മിയൂറ പ്രൊഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ചത്. അന്ന് ജപ്പാനിൽ ലീഗ് ഇല്ലാത്തതിനാൽ ബ്രസീലിയൻ ക്ളബിനായാണ് കളിച്ചിരുന്നത്.
2000 വരെ ജാപ്പനീസ് ദേശീയ ടീമിന് വേണ്ടി കളിച്ച കിംഗ് കാസു 89 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടിയിരുന്നു.
2007ന് ശേഷം ആദ്യമായാണ് ഇദ്ദേഹത്തിന് ജെ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞകൊല്ലം വരെ യോക്കോഹാമ എഫ്.സി രണ്ടാം ഡിവിഷനിലായിരുന്നതാണ് കാരണം.
2012ൽ തന്റെ 45-ാം വയസിൽ മറ്റൊരു ജാപ്പനീസ് ക്ളബ് കോൺസോഡോളെ സപ്പോറോയ്ക്ക് വേണ്ടി ജെ ലീഗിൽ കളിക്കാനിറങ്ങി മസാഹി നക്കായാമ സൃഷ്ടിച്ച റെക്കാഡാണ് കസുയോഷി മറികടന്നത്.
2017ൽ തന്റെ 50-ാം വയസിൽ സ്കോർ ചെയ്ത് ഏറ്റവും പ്രായമേറിയ ഗോളിന്റെ ഉടമയെന്ന റെക്കാഡും കസുയോഷി സ്വന്തമാക്കിയിരുന്നു.
42 കാരനായ ഷുൻസുക്കെ നക്കാമുറെയും കസുയോഷിക്കൊപ്പം യോക്കോഹാമയുടെ പ്ളേയിംഗ് ഇവലനിൽ ഉണ്ടായിരുന്നു.
ക്യാപ്ടന്റെ ആംബാൻഡ് ധരിച്ചുകൊണ്ട് വീണ്ടും ജെ ലീഗിൽ കളിക്കാനിറങ്ങിയപ്പോൾ വല്ലാത്തൊരാവേശമാണ് തോന്നിയത്. പ്രായത്തെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല.
- കസുയോഷി മിയൂറ