കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നയാപൈസയുടെ കച്ചവടമില്ലാതിരിക്കുന്ന വ്യാപാരികളെ ത്രാസ് മുദ്രണത്തിന്റെ മറവിൽ ഒരു വിഭാഗം ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ കൊള്ളയടിക്കുന്നു. കടകളിൽ എത്തി ത്രാസ് പരിശോധിച്ച് മുദ്ര ചെയ്യുന്നതിന് യഥാർത്ഥ ഫീസിന്റെ ഇരട്ടിയോളമാണ് വാങ്ങുന്നത്. ത്രാസ് ശരിയായ നിലയിൽ പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങൾ എല്ലാ വർഷവും ലീഗൽ മെട്രോളജി വകുപ്പിന്റെ മുദ്ര വാങ്ങണമെന്നാണ് ചട്ടം. ഒന്നുകിൽ ലീഗൽ മെട്രോളജി ഓഫീസിലെത്തിച്ച് മുദ്ര പതിപ്പിക്കാം. അല്ലെങ്കിൽ പ്രദേശത്തെ ലീഗൽ മെട്രോളജി ലൈസൻസിയായ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ഉദ്യോഗസ്ഥർ ഒരു പ്രദേശത്തെ കടകളിൽ ഒരുമിച്ചെത്തി മുദ്ര പതിപ്പിക്കും. ഈ രീതിയുടെ മറവിലാണ് കൊള്ള നടക്കുന്നത്.
വ്യാപാരികൾ പ്രതിസന്ധിയിൽ
ഉദ്യോഗസ്ഥർ നേരിട്ട് ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഉദ്യോഗസ്ഥർ പലപ്പോഴും കാറിൽ നിന്ന് ഇറങ്ങാറില്ല. ലൈസൻസിയാണ് ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കുന്നതും കൊള്ള ഫീസ് വാങ്ങുന്നതും. പിന്നീട് വൈരാഗ്യബുദ്ധിയോടെയെത്തി പിഴ ചുമത്തുമെന്ന ഭയത്തിൽ വ്യാപാരികളിൽ പലരും ചോദിക്കുന്ന പണം നൽകേണ്ട ഗതികേടിലാണ്. ത്രാസിന്റെ അളവ് അനുസരിച്ച് 500 രൂപ മുതൽ രണ്ടായിരം രൂപ വരെ അധികമായി വാങ്ങുന്നെന്നാണ് പരാതി.
ആവശ്യപ്പെടുന്നത് ഇരട്ടിത്തുക
ലൈസൻസി വാഹനത്തിൽ ഉദ്യോഗസ്ഥരെ വ്യാപാര സ്ഥാപനങ്ങളിലെത്തിക്കും. മാനുവൽ, ഇലക്ട്രോണിക് ത്രാസുകൾക്ക് പരമാവധി തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ്. എന്നാൽ ഇരട്ടി തുകയാണ് ആവശ്യപ്പെടുന്നത്. സർക്കാർ നിശ്ചിയിച്ചിട്ടുള്ള യഥാർത്ഥ ഫീസിന്റെ രസീത് മാത്രമാണ് ലീഗൽ മെട്രോളജി വകുപ്പിന്റേതായി നൽകുന്നത്. ബാക്കി തുകയ്ക്ക് ലൈസൻസിയുടെ സീലോ നമ്പരോ ഇല്ലാത്ത രസീതാണ് കൊടുക്കുന്നത്.
പ്രദേശത്തെ ലൈസൻസിയുമായി ചേർന്ന് കടകളിലെത്തി മുദ്ര പതിപ്പിക്കുമ്പോൾ കുറച്ച് അധികം തുക വാങ്ങാറുണ്ട്. എന്നാൽ 500 രൂപ വരെ അധികം വാങ്ങുന്നുണ്ടെന്ന പരാതി ഗൗരവമായി പരിശോധിക്കും
ജയചന്ദ്രൻ (ലീഗൽ മെട്രോളജി ജില്ലാ ഓഫീസർ)