കൊല്ലം: പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ എണ്ണം പുറത്തുവന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം തെളിഞ്ഞു. സംവരണ വാർഡുകൾ ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28 മുതൽ കൊല്ലത്ത് ആരംഭിക്കും. ഒക്ടോബർ ഒന്നിന് നറുക്കെടുപ്പ് തീരും. അതിന് ശേഷം മുന്നണികൾക്ക് സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാം. വനിതാ സംവരണം, പട്ടികജാതി സംവരണം, പട്ടികജാതി വനിതാ സംവരണം, ജനറൽ സീറ്റുകൾ തുടങ്ങിയവയിൽ വ്യക്തത വരുന്നതോടെ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കും. പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലെ സംവരണം സംബന്ധിച്ചും നറുക്കെടുപ്പിൽ തീരുമാനമാകും.
ശ്രദ്ധാകേന്ദ്രമായി കൊല്ലം നഗരസഭ
കൊല്ലം നഗരസഭയിൽ തുടർച്ചയായി അധികാരം കൈയാളുന്ന എൽ.ഡി.എഫിനെതിരെ ഭരണത്തിന്റെ അവസാന നാളുകളിൽ ശക്തമായ വിമർശനമാണ് ബി.ജെ.പിയും കോൺഗ്രസും ഉയർത്തുന്നത്. പ്രത്യക്ഷ സമരങ്ങളിൽ കോൺഗ്രസിനെ മറികടന്ന് ബി.ജെ.പി പല ഘട്ടത്തിലും മൈൽക്കൈ നേടുകയും ചെയ്തു. മേയറുടെ വീട്ടിലേക്ക് വരെ യുവമോർച്ച മാർച്ച് നടത്തി. കഴിഞ്ഞ തവണ രണ്ട് കൗൺസിലർമാരെ വിജയിപ്പിക്കാൻ ബി.ജെ.പിക്കായി. അധികാരം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പരിശ്രമിക്കുമ്പോൾ വിവാദങ്ങളെ മറികടന്ന് തിളക്കമാർന്ന വിജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്നത്
1. 68 പഞ്ചായത്തുകൾ
2. 11 ബ്ലോക്ക് പഞ്ചായത്തുകൾ
3. കൊല്ലം ജില്ലാ പഞ്ചായത്ത്
4. പരവൂർ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര നഗരസഭകൾ
5. കൊല്ലം കോർപ്പറേഷൻ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായി മാറും തദ്ദേശ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരിമിതമായ തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമേ യു.ഡി.എഫിന് അധികാരത്തിലെത്താനായുള്ളൂ. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റിലൊതുങ്ങി യു.ഡി.എഫ് വിജയം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കൂറ്റൻ വിജയമാണ് എൽ.ഡി.എഫ് നേടിയത്. വിജയം ആവർത്തിക്കാനും നഷ്ടമായ തദ്ദേശ സ്ഥാപനങ്ങൾ കൂടി തിരിച്ച് പിടിക്കാനുമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വികസന രേഖയും പുറത്തിറക്കും. സർക്കാർ വിരുദ്ധ സമരങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ച ചൂണ്ടിക്കാട്ടി പ്രാദേശിക സമരങ്ങളിലേക്ക് യു.ഡി.എഫ് ബി.ജെ.പി കക്ഷികളും തിരിഞ്ഞിട്ടുണ്ട്.