തൃശൂർ: കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ഒ.ബി.സി സംവരണം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് എ.വി. സജീവൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടുവരികയാണ്.
ഈ സാഹചര്യത്തിൽ കൺസ്യുമർ അഫയേഴ്സ്, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിലെ വകുപ്പ് തല അണ്ടർ സെക്രട്ടറി മദൻ മോഹൻ മൗര്യ എഫ്.സി.ഐ ചെയർമാന് നൽകിയ കത്തിലാണ്, സംവരണം വേണ്ടെന്ന് വച്ചത് കേന്ദ്രസർക്കാരിന്റെ താത്പര്യം സംരക്ഷിക്കാനാണെന്ന് പ്രസ്താവിക്കുന്നത്.
കോടതിയിൽ ഇക്കാര്യം പ്രതിരോധിക്കാനാണ് തീരുമാനമെന്നും ഇക്കഴിഞ്ഞ മാർച്ച് 20ന് എഴുതിയ കത്തിലുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ടി.എൻ പ്രതാപന്റെ ആരോപണം. സാമൂഹികനീതി ഉറപ്പാക്കുന്നതിന്റെ ഏറ്റവും അടിസ്ഥാനവും പ്രധാനപ്പെട്ടതുമായ സംവരണത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നത് സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയമാണെന്ന് ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി.
ഏകശിലാത്മക രാഷ്ട്രീയ വിചാരം ക്ഷേമ സങ്കല്പത്തിന് വിഘാതമാകുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ നയം വ്യക്തമാക്കണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മന്ത്രാലയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന് കത്തും നൽകി. ബീഹാർ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബീഹാറിലെ പ്രബല കക്ഷിയും എൻ.ഡി.എ അംഗമായ എൽ.ജെ. പിയുടെ മന്ത്രിക്കെതിരെയും എൻ.ഡി. എക്കെതിരെയും സംവരണ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടാനാണ് സാദ്ധ്യത.
കെ.പി.എം.എസ് ഉപവാസം
തൃശൂർ : കെ.പി.എം.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. എയ്ഡഡ് മേഖലയിലെ നയമനങ്ങൾ പി.എസ്.സിക്ക് വിടുക, സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കുക, ഇ.എസ്.ഐ കരട് വിജ്ഞാപനം റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
വർഗീസ് തൊടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.കെ രാധകൃഷ്ണൻ, കെ.എസ് വിമൽ കുമാർ, പി.കെ ശിവൻ, ബാബു അത്താണി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എ ശിവൻ സ്വാഗതവും സെക്രട്ടറി സി.കെ ലോഹിദാക്ഷൻ നന്ദിയും പറഞ്ഞു.