കാട്ടാക്കട: മുന്തിയ ഇനം അരികളുടെ കൂട്ടത്തിൽ പുതിയ ബ്രാൻഡുമായി കാട്ടാക്കടയിലെ കർഷക കൂട്ടായ്മ. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൃഷി വകുപ്പിന് കീഴിലുള്ള കർഷകരുടെ കൂട്ടായ്മയായ കാർഷിക കർമ്മസേനയാണ് കാട്ടാൽ കുത്തരി എന്ന പുതിയ ബ്രാൻഡിലുള്ള അരി വിപണിയിലെത്തിച്ചിരിക്കുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും പ്രവർത്തനഫലമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനിടയായത്. ഒരു കാലത്ത് ജില്ലയിലെ മലയോര മേഖലയുടെ നെല്ലറയായിരുന്ന കാട്ടാക്കടയിൽ പിന്നീട് ജലദൗർലഭ്യം കാരണം നെൽകൃഷി കുറഞ്ഞിരുന്നു. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതി പ്രകാരം വയലേലകൾ ജല സമൃദ്ധമായപ്പോഴാണ് കർഷകർ നെൽകൃഷിയിൽ ആത്മവിശ്വാസം വർദ്ധിച്ചത്. സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്തം എന്റെ കാട്ടാക്കട എന്ന പദ്ധതിയിൽ നെൽകൃഷിക്ക് പ്രഥമ പരിഗണനയാണ് നൽകിയത്. അതൊടൊപ്പം കർഷകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയുമായി പഞ്ചായത്തും കൃഷി വകുപ്പും ഒത്തുചേർന്നപ്പോൾ നെൽകൃഷി അന്യംനിന്ന പല പാടങ്ങളിലും നെൽകൃഷി സജീവമായി. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 7.5 ഏക്കറിലധികം സ്ഥലത്താണ് നെൽകൃഷി പുനഃരാരംഭിച്ചത്.