നാഗർകോവിൽ: തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയ്ക്ക് മലയാള ഭാഷ അന്യമാവുകയാണ്. മാതൃഭാഷയെ മാതാവിനുതുല്യം സ്നേഹിക്കുന്നവർക്ക് മാതൃഭാഷ പഠിക്കാൻ അവസരം നൽകാത്ത തമിഴ്നാട് സർക്കാരിന്റെ നിലപാടിനെതിരെ ജനരോഷം ശക്തമാണ്. കുറച്ചു കാലം മുൻപുവരെ ഇവർക്ക് സ്കൂളുകളിൽ മലയാളം പഠിക്കാനും, പരീക്ഷ എഴുതാനും അവസരം ലഭിച്ചിരുന്നു. അതിനാൽ മലയാളത്തോടൊപ്പം തമിഴും പഠിച്ച ഇവർ തിരുക്കുറൽ, പതിനൊൺകീഴ് കണക്ക് ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്ത് തമിഴ് സാഹിത്യത്തിന്റെ മഹത്വം മനസിലാക്കി പോന്നിരുന്നു. ചില രാഷ്ട്രീയ തത്പരരുടെ തെറ്റായ നയങ്ങൾ കാരണം അടുത്ത കാലത്തായി മലയാള ഭാഷാ പഠനം കന്യാകുമാരി ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിറുത്തലാക്കി. ജില്ലയിലെ വിളവങ്കോട്, കൽക്കുളം,കിള്ളിയൂർ,തിരുവട്ടാർ എന്നീ താലൂക്കുകളിൽ മാത്രം മൂന്നു ലക്ഷത്തിലധികം മലയാളികളാണ് താമസിക്കുന്നത്. തങ്ങളുടെ മാതൃഭാഷ പഠിക്കാനാവാത്ത അവസ്ഥയിൽ ഇവർ വളരെ വിഷമത്തിലാണ്.
പ്രതീക്ഷ പുതിയ വിദ്യാഭ്യാസ നയത്തിൽ
കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം പ്രാവർത്തികമായാൽ തമിഴിനോടൊപ്പം തങ്ങളുടെ മാതൃഭാഷയും പഠിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ മലയാളികൾ. തമിഴ്നാട് സർക്കാർ ഈ സൗകര്യം ഏർപ്പെടുത്തി നൽകിയാൽ വിവർത്തനത്തിലൂടെ തമിഴ് സാഹിത്യം മലയാളികൾക്കിടയിൽ സുപരിചിതമാകുമെന്നതിൽ സംശയമില്ല. അതിനാൽ വരുന്ന അദ്ധ്യയന വർഷം മുതൽ തമിഴ് ഭാഷയ്ക്കൊപ്പം മലയാളവും കൂടി പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
എസ്.എൻ.ഡി.പി യൂണിയന്റെ ഇടപെടൽ
മൂന്ന് വർഷം മുൻപ് കന്യാകുമാരിയിലെ മലയാളി വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനായി കന്യാകുമാരി എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങിയിരുന്നു. തുടർന്നാണ് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്.
കാര്യമായ ഇടപെടൽ നടത്തണം
കേരളത്തിൽ തിരുവനന്തപുരം, പാലക്കാട്,വയനാട് എന്നീ അതിർത്തി ജില്ലകളിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികൾക്ക് സ്കൂളുകളിൽ തമിഴ് പഠിക്കാനുള്ള സൗകര്യം കേരള സർക്കാർ നൽകുന്നുണ്ട്. എന്നാൽ കന്യാകുമാരി, ചെന്നൈ എന്നിങ്ങനെയുള്ള ജില്ലകളിൽ താമസിക്കുന്ന മലയാളികൾക്ക് മാതൃഭാഷയായ മലയാളം പഠിക്കാനുള്ള സൗകര്യം തമിഴ്നാട് സർക്കാർ നൽകുന്നില്ല.