ഒറ്റപ്പാലം: ഒരു വർഷം കൂടി പിന്നിട്ടാൽ ചെത്തല്ലൂരിലെ നിഖിൽ ഗുപ്തയും കാളികാവിലെ ഇർഷാദ് അലിയും ആയുർവേദ ഡോക്ടർമാരാണ്. പിന്നിട്ട ജീവിത വഴിയിലെ കഠിനമായ പരിശ്രമത്തോടൊപ്പം കൂലിപ്പണിയും മറ്റനേകം ജോലികളും ചെയ്തുള്ള വരുമാനം കൊണ്ടാണ് ഇരുവരും ഡോക്ടർ ബിരുദമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് അടുക്കുന്നത്.
ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജിലെ അവസാന വർഷ ബി.എ.എം.എസ്.വിദ്യാർത്ഥികളാണിവർ. പഠനത്തിന് പണം സ്വരൂപിക്കാൻ ഇവർ ചെയ്യാത്ത കൂലിപ്പണികളില്ല.
ചെത്തല്ലൂർ കുനിയങ്ങാട്ടിൽ രാജൻ-കുഞ്ഞിമാളു ദമ്പതികളുടെ മകനായ നിഖിൽ ഒഴിവുദിനങ്ങളിൽ ഹോളോബ്രിക്സ് കമ്പനിയിൽ കട്ടയോട് മല്ലിട്ട് 600 രൂപ കൂലി കണ്ടെത്തുന്നു. ഷൊർണൂരിൽ പെട്രോൾ പമ്പിൽ രാത്രി ജോലി ചെയ്ത് 150 രൂപ വരുമാനം കണ്ടെത്തിയിരുന്നു. ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി ആരു വിളിച്ചാലും ഡ്രൈവറായി പോകാനും റെഡിയാണ്. ട്യൂഷനെടുത്തും എൽ.ഐ.സി ഏജന്റായും വരുമാനമാർഗമുണ്ടാക്കി.
ഒഴിവ് ദിനങ്ങളിൽ ചെങ്കൽ ക്വാറിയിലെ പണിക്കാരനായും കോൺക്രീറ്റ് കട്ടിള, ജനൽ നിർമ്മാണവും കെട്ടിട നിർമ്മാണ തൊഴിലാളിയായെല്ലാമാണ് ഇർഷാദ് വരുമാനം കണ്ടെത്തുന്നത്. ഉമ്മ നിർമ്മിക്കുന്ന അച്ചാർ വിപണനവും വരുമാനം നൽകുന്നു. ഉപ്പ അബ്ദുൾ അസീസും ഉമ്മ ഹയറുന്നീസയും മൂന്ന് സഹോദരങ്ങളുമടങ്ങിയതാണ് കുടുംബം. കൂലിപ്പണിക്കാരനായ ഉപ്പ മകനെ ഡോക്ടറാക്കണമെന്ന് ആശിച്ചു. ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് ഇനി കുറച്ച് മാസങ്ങളേ ബാക്കിയുള്ളൂ.
'കൂലിപ്പണി ചെയ്ത് പഠനം നടത്തുന്നത് ഒരു കുറവായി കാണുന്നില്ല. പഠിക്കാൻ പണം വേണം. എന്ത് കൂലിവേല ചെയ്തും അതുണ്ടാക്കാൻ മനസ് റെഡിയാണ്."
-ഇർഷാദ് അലി
'നാലുലക്ഷം വിദ്യാഭ്യാസ ലോണുണ്ട്. വർഷം 75000 രൂപ വേണം പഠനച്ചലവിന്. സഹായിച്ചവരിൽ അദ്ധ്യാപകരും സഹപാഠികളുമുണ്ട്."
-നിഖിൽ