SignIn
Kerala Kaumudi Online
Saturday, 27 February 2021 9.13 AM IST

മൂടുപടമിട്ട് കല്ലെറിയരുത് അവർക്ക് വിശക്കുന്നു!

sex-worker

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന് ' ആടുജീവിതത്തിൽ ബെന്യാമിൻ എഴുതിയിട്ടുണ്ട്. അത്തരമൊരു കെട്ടുകഥയാണ് മിക്കവാറും പേർക്കും ലൈംഗികത്തൊഴിലാളികളുടെ കഥകളും. നിറംപിടിപ്പിച്ച കുറേ കൽപ്പനകളും കഥകളും മെനഞ്ഞ് കൂട്ടി, ലൈംഗികത്തൊഴിലാളിയെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കിളിയുണ്ടാകുന്ന ഒരു കൂട്ടരുണ്ട് ഈ സമൂഹത്തിൽ. മുംബയിലെ കാമാത്തിപുരയിലും ഡൽഹി ജി.ബി. റോഡിലും കൊൽക്കത്തയിലെ സോനാഗച്ചിയിലും അടക്കം രാജ്യത്തെന്നല്ല, ലോകത്തെവിടെയും ജീവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങി നോക്കൂ, ഓരോരുത്തർക്കും കാണും ചതിക്കപ്പെട്ട് ഇരുണ്ട തെരുവിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ ഒരു ഫ്ലാഷ്ബാക്ക് പറയാൻ...

അകപ്പെടലുകളുടെയും ചതിയുടെയും വിശപ്പിന്റെയും എല്ലാത്തിലുമുപരി ഇരുൾ മറകളുടെയും ആയിരമായിരം കഥകളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഓരോ ലൈംഗിക തൊഴിലാളിയും. ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ശരീരവും രക്തവും സമൂഹത്തിന് അപ്പവും വീഞ്ഞും പോലെ പങ്കുവയ്‌ക്കുന്നവർ.

ഭൂരിഭാഗം പേർക്കും ചതിയുടെ വലിവിരിച്ചത് ഉറ്റവരാണെന്നതാണ് ഹൃദയഭേദകം. ആ ചെളിയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കാത്ത , ഒരു കൈ സഹായത്തിനായി കാതോർക്കാത്ത ഒരു തൊഴിലാളി പോലുമുണ്ടാവില്ല.

ലോകം കൊവിഡെന്ന മഹാമാരിക്ക് മുന്നിൽ ഷട്ടറിട്ടിട്ട് ആറ് മാസം. ഈ നാളുകളിൽ ഇവർ എങ്ങനെ ജീവിച്ചെന്ന് ചിന്തിച്ചിട്ടുണ്ടോ? ചോദ്യം സുപ്രീംകോടതിയുടേതാണ്. അവരും കുടുംബങ്ങളും ദുരിതത്തിലാണ്, സഹായിക്കൂ. ഇതും സുപ്രീംകോടതിയുടെ നിർദേശമാണ്. രാജ്യത്ത് മറ്റേത് ജോലി ചെയ്ത് ജീവിക്കുന്നവരേക്കാളും, അല്ലെങ്കിൽ അതിൽ ഒരുപടി കൂടുതലും കൊവിഡ് ആ സ്ത്രീകളെ വേട്ടയാടി. ദുരിതം ചാറ്റൽ മഴയായല്ല പേമാരിയായി കുത്തിയൊലിച്ച് പെയ്തിറങ്ങി.


50 രൂപയ്ക്ക്

സ്വയം വിൽക്കുമ്പോൾ!

' സ്വന്തം കാമുകനാൽ ചതിക്കപ്പെട്ടാണ് ഇവിടെയെത്തിയതെന്ന് ഡൽഹി ജി.ബി. റോഡിലെ ചാന്ദിനി പറയുന്നു. അയാൾ കിട്ടിയ കാശിന് തന്നെ വിറ്റു. ഈ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും വീട്ടുകാർ തിരികെ സ്വീകരിക്കാൻ തയാറായില്ല. വീണ്ടും അതിജീവനത്തിനായി തെരുവിലേക്ക്. ആറ് മാസത്തിലേറെയായി ആരെങ്കിലും ഞങ്ങളെ തേടിയെത്തിയിട്ട്. നാല് വയസായൊരു മകനുണ്ട് എനിക്ക്. അമ്മയെക്കുറിച്ചുള്ള കഥയൊന്നും അറിയാതെ മുംബെയിലെ ബന്ധുവിനൊപ്പം ജീവിക്കുകയാണ്. ഞാൻ പണമയച്ചില്ലെങ്കിൽ അവർ അവന് ഭക്ഷണം നൽകില്ല ' ചാന്ദിനി പറയുന്നു.

620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ കേവലം അൻപത് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് റഷീദ പറയുന്നു. ശക്തിയായി ഒരു കാറ്റു വീശിയാൽ ആ മുറിയുടെ മേൽക്കൂര തകരും. ഭയത്തോടെയാണ് ഓരോ ദിനവും കഴിഞ്ഞു കൂടുന്നതെന്നും അവർ പറയുന്നു.


2016ലെ യു.എൻ.എയ്‌ഡ്‌സ് സർവെ പ്രകാരം ഇന്ത്യയിൽ ഏഴ് ലക്ഷത്തിലേറെ ( 6,57 ,800 ) ലൈംഗിക തൊഴിലാളികളുണ്ട്. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി കണക്കുകൾ പ്രകാരം കേരളത്തിൽ 17, 000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും 13,331 പുരുഷ ലൈംഗിക തൊഴിലാളികളുമുണ്ട്. കണക്കിൽപ്പെടാത്തവർ എത്രയോ ഇരട്ടി. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന , കർണാടക എന്നിവിടങ്ങളിലായുള്ള 1,15,374 ലേറെ ലൈംഗികത്തൊഴിലാളികളിൽ 96 ശതമാനവും ലോക്ക് ഡൗൺകാലത്ത് പട്ടിണിയിലായിരുന്നു. 33 ശതമാനം പേരും ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ നരക യാതനയിലാണ്. ഭക്ഷണത്തിന് പുറമേ വീട്ടുവാടക, എന്തിനേറെ കുടിവെള്ളത്തിനും മഹാനഗരങ്ങൾ പണം ആവശ്യപ്പെടുന്നുണ്ട്.

ദിവസ വേതനക്കാരും തൊഴിൽരഹിതരുമായ ആളുകളായിരിക്കും ഇവരെ തേടി എത്തുന്നവരിൽ ഏറെയും.

കൊവിഡ് കഴിഞ്ഞാലും ഇവരുടെ ജീവിതം ആശങ്കയിലാണെന്ന് , കുട്ടികൾക്കും ലൈംഗിക തൊഴിലാളികൾക്കുമായി കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സംഘടനയായ ന്യൂ ലൈറ്റിന്റെ സ്ഥാപക ഉർമി ബസു പറയുന്നു.

'ലോക്ഡൗൺ പിൻവലിച്ചാൽ ഉടൻ ഇവരെത്തേടി ആവശ്യക്കാർ എത്തും. ആരൊക്കെയാണ് വൈറസ് ബാധിതരായി എത്തുന്നതെന്നു പോലും അറിയാൻ സാധിക്കില്ല. എച്ച്‌.ഐ.വിയും എയ്ഡ്‌സും പോലെ പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ചു തടയാൻ കഴിയുന്നതല്ലല്ലോ കൊവിഡ് . എങ്ങനെയാണ് ഇവരെ സംരക്ഷിക്കേണ്ടതെന്ന കാര്യത്തിൽ ആശങ്കയുണ്ട്.'– ഉർമി പറയുന്നു.

മുഖം ഒളിപ്പിക്കുന്നവർക്ക്

എന്ത് രേഖ ?

രാജ്യത്ത്, സർക്കാരിൽ നിന്നുള്ള ചെറിയൊരു ആനുകൂല്യത്തിനു പോലും, കുറഞ്ഞപക്ഷം റേഷൻ കാർഡോ തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ തുടങ്ങി ഏതെങ്കിലും ഒരു രേഖ അത്യാവശ്യമാണ്. എന്നാൽ ലൈംഗിക തൊഴിലാളികളിൽ പകുതിയിലേറെപ്പേർക്കും തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലെന്നതാണ് സത്യം. ഇരുട്ടിന്റെ മറവിൽ ഭക്ഷണം തേടിയലയുന്ന ഇവർ പലപ്പോഴും തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കാത്തവരാണ്. അപകർഷതാ ബോധത്താൽ ജീവിക്കുന്നതിനാൽ തന്നെ രേഖകൾ സൂക്ഷിക്കാനും ഇഷ്‌ടപ്പെടാറില്ലെന്ന് ആൾ ഇന്ത്യ നെറ്റ്‌വർക്ക് ഒഫ് സെക്‌സ് വർക്കേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് കുസും പറയുന്നു. അതിനാൽ ലോക്ക് ഡൗൺ കാലത്തു പോലും കേന്ദ്രസർക്കാരിന്റേതടക്കം ആനുകൂല്യങ്ങൾ ഇവർക്ക് നിഷേധിക്കപ്പെട്ടു. ലൈംഗികത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചില സന്നദ്ധസംഘടനകളുടെയും സഹൃദയരായ ചില മനുഷ്യരുടെയും കാരുണ്യത്തിലാണ് കൊവിഡ് കാലത്ത് ഈ നിർധനർ ജീവിതം തള്ളിനീക്കുന്നത്.

സഹായമെത്തിക്കൂ:

സുപ്രീംകോടതി

പട്ടിണിയിൽ പൊറുതിമുട്ടിയതോടെ ലൈംഗികതൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദർബാർ മഹിള സമന്വയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായത്തിനായി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചു ഈ വനിതകൾ. അത്യന്തം വേദനാജനകമാണ് തൊഴിലാളികളുടെ അവസ്ഥയെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൽ.നാഗേശ്വര റാവു , ഹേമന്ദ് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടാതെ തൊഴിലാളികൾക്ക് മാസ്‌കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് രക്ഷാമാർഗങ്ങളും ഭക്ഷണവും ഉറപ്പാക്കണമെന്ന് അടിയന്തര നിർദേശം നൽകി. ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യ റേഷനടക്കമുള്ള ധനസഹായങ്ങൾ എത്തിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. സമൂഹത്തിൽ മറ്റേത് വിഭാഗത്തെപ്പോലെയും ജീവിക്കാനുള്ള അവകാശം ലൈംഗികതൊഴിലാളികൾക്കും ഉണ്ടെന്നും കോടതി പറഞ്ഞു.

റേഷൻ കാർഡില്ലെന്ന കാരണത്തിൽ അവശ്യ ഭക്ഷ്യധാന്യമെന്ന അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. മനുഷ്യത്വത്തിന്റെ കാര്യമാണിത്. ആ സ്ത്രീകൾ വളരെയധികം കഷ്ടത അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കൂ എന്നാണ് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് നാഗേശ്വര റാവു പറഞ്ഞത്.


മനുഷ്യരായി കണ്ടുകൂടെ!

മറ്റേതൊരു തൊഴിലും പോലൊരു തൊഴിൽ തന്നെയാണ് ലൈംഗികത്തൊഴിലും എന്ന് ഒരു ലൈംഗികത്തൊഴിലാളി ധൈര്യത്തോടെ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സമൂഹം, അവളെഴുതിയ പുസ്തകം ആർത്തിയോടെയും ആവേശത്തോടെയും തേടിപ്പിടിച്ച് വായിച്ച് അവർക്ക് വേണ്ടതൊന്നും കിട്ടിയില്ലെന്ന് നിരാശപ്പെട്ടിരുന്നു! സഹജീവികളെ മനുഷ്യരായി കാണാനുള്ള കഴിവ് മനുഷ്യരാശിക്ക് കൈമോശം വന്നുപോകുന്ന അവസ്ഥ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CYBER PARK ERAMAM, KANNUR DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.