ദേവരാജൻ മാഷിന്റെ ഈണത്തിൽ കടൽപ്പാലത്തിലെ 'ഈ കടലും മറു കടലും ഭൂമിയും മാനവും കടന്ന്... എന്ന വയലാർ വരികൾ പാടിക്കൊണ്ടാണ് എസ്.പി. ബി മലയാളത്തിൽ അരങ്ങേറിയത്. ഇന്നും പ്രസക്തമായ ആ വരികളുടെ മഹത്വത്തെക്കുറിച്ച് ഒട്ടുമിക്ക വേദികളിലും എസ്.പി.ബി പറയാറുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം വെന്നിക്കൊടി പാറിച്ച എസ്.പി.ബിയ്ക്ക് ഹിന്ദി സിനിമയിലേക്ക് അവസരം കിട്ടിയത് അല്പം വൈകിയാണെന്ന് പറയാം.
കെ. ബാലചന്ദറിന്റെ മാറോ ചരിത്ര എന്ന ചിത്രം 1981ൽ ആണ്ഏക് ദുജേ കേ ലിയേ എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തത്. ഹിന്ദിയിൽ ഈ ചിത്രത്തിലൂടെയാണ് എസ്.പി.ബി തുടക്കമിട്ടത്. ആദ്യ സിനിമയിൽത്തന്നെ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാക്കി എസ്.പി.ബി ബോളിവുഡിലും ആരാധകരെ സൃഷ്ടിച്ചു.ഈ സിനിമയിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ആറ് തവണയാണ് എസ്.പി.ബിയെ ദേശീയ പുരസ്കാരം തേടിയെത്തിയത്. ആന്ധ്രാപ്രദേശ് ഗവൺമെന്റിന്റെനന്തി അവാർഡ് ഇരുപത്തിയഞ്ച് തവണയാണ് എസ്.പി.ബി സ്വന്തമാക്കിയത്.