വാഷിംഗ്ടൺ: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും അധികാരത്തിൽ തുടരുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചാൽ ഒരു തരത്തിലുമുള്ള പ്രശ്നമില്ലാതെ അധികാര കൈമാറ്റം നടക്കുമെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പിൽ തോറ്റാലും അധികാരത്തിൽ തുടരാനുള്ള ശ്രമം നടത്തുമെന്ന് സൂചിപ്പിക്കുന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. ' എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം' എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ട്രംപ് നൽകിയ ഉത്തരം. പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമത്വം നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം നിഷേധിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാൻ 40 ദിവസം ബാക്കി നിൽക്കെ അഭിപ്രായ സർവെകളിൽ ബൈഡനെക്കാൾ പിന്നിലാണ്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ ശ്രമിച്ചാൽ ട്രംപിനെ സൈന്യം ഇടപെട്ട് മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ബൈഡൻ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾ വേണ്ടെന്നും നവംബർ മൂന്നിന്റെ ജേതാവ് ജനുവരി 20ന് സാധാരണ രീതിയിൽ സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പബ്ലിക്കൻ നേതാവ് മെക്കോണൽ പറഞ്ഞു.
ട്രംപിന്റെ അടുത്ത അനുയായി ലിന്റ്സെ ഗ്രഹാമും സമാനമായ അഭിപ്രായം പറഞ്ഞു.
ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം അമേരിക്കയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു.