കണ്ണൂർ: ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കൃഷി ഫാമുകളിലൊന്നായ ആറളം ഫാമിൽനിന്ന് തെങ്ങുകൃഷി അപ്രത്യക്ഷമാകുന്നു. ഒരു ലക്ഷത്തിൽപരം തെങ്ങുകൾ ഉണ്ടായിരുന്ന ഫാമിൽ ഇപ്പോഴുള്ളത് നാലായിരത്തിൽ താഴെ തെങ്ങുകൾ മാത്രം.
കാട്ടാന, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ അക്രമത്തിലാണ് തെങ്ങുകൾ നശിച്ചത്. 7,500 ഏക്കർ വിസ്തൃതി ഉണ്ടായിന്ന ഫാമിൽനിന്ന് 3,500 ഏക്കർ ഭൂമി ആദിവാസി പുനരധിവാസത്തിന് വേണ്ടി നൽകിയിരുന്നു. ബാക്കിയുള്ള 4,000 ഏക്കർ ഭൂമിയിലാണ് ഇപ്പോൾ തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നത്. കാട്ടാനകൾ പിഴുതെറിയുന്ന തെങ്ങുകൾക്ക് പകരം പുതിയത് നട്ടുപിടിപ്പിക്കുന്നില്ല. അഥവാ തൈകൾ വച്ചുപിടിപ്പിച്ചാൽ തന്നെ ദിവസങ്ങൾക്കുള്ളിൽ അവയല്ലാം ആനകൾ നശിപ്പിക്കുകയാണ്.
കുരങ്ങു ശല്യമാണ് ഫാമിലെ തെങ്ങു കൃഷി നേരിടുന്ന മറ്റൊരു ഭീഷണി. കുല പൊട്ടുമ്പോൾതന്നെ കുരങ്ങിൻകൂട്ടം എത്തി നശിപ്പിക്കുകയാണ്. ഇനി അഥവാ കരിക്കായാൽതന്നെ ഇവറ്റകൾ തുരന്ന് നശിപ്പിക്കും. ഫാമിനകത്തുനിന്നുള്ള കുരങ്ങിൻ കൂട്ടങ്ങൾ പുറത്തുള്ള സ്വകാര്യ വ്യക്തികളുടെ കൃഷിക്കും ഭീഷണിയാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. റബ്ബറിനെയും കവുങ്ങിനെയും ആനശല്യം കാര്യമായി ബാധിക്കുന്നില്ലെങ്കിലും കാശുമാവിൻ തൈകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ഫാമിനകത്തുതന്നെയുള്ള നിബിഡ വനമാണ് കാട്ടാനകളുടെ വാസ കേന്ദ്രം. മിക്ക ദിവസങ്ങളിലും ആനക്കൂട്ടങ്ങൾ. കൃഷി ഭൂമിയിലേക്ക് ഇറങ്ങാറുണ്ട്.
വിവാദമായി കള്ളുചെത്ത്
കർഷകരുടെ നഷ്ടം നികത്തുന്നതിനു വേണ്ടി തുടങ്ങിയ കള്ളുചെത്ത് വിവാദത്തിൽ പെട്ട് കോടതി കയറിയിരിക്കയാണ്. ഷാപ്പ് കോൺട്രാക്ടർ കൃത്യമായ നിബന്ധനകളോടെ മാത്രമെ തെങ്ങ് ചെത്താനായി നൽകാൻ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതായാണ് ഉയർന്നുവന്ന പരാതി. ചില യൂണിയൻ നേതാക്കളുടെ പേരിലാണ് തെങ്ങുകൾ പാട്ടത്തിനെടുക്കുന്നതെന്ന പരാതിയും നിലവിലുണ്ട്. ചെത്തുന്നതിന് തെങ്ങൊന്നിന് 375 രൂപയാണ് ഫാം നൽകുന്നത്. കൂടാതെ സർക്കാറിനു ലഭിക്കേണ്ട നികുതിയുടെ കാര്യത്തിലും വെട്ടിപ്പ് നടക്കുന്നതായും ആരോപണമുണ്ട്. ഫാമിൽ നിന്ന് 800 തെങ്ങുകൾ ചെത്താനാണ് അനുമതി നൽകിയിരുന്നത്.
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഫാമിൽ ഇപ്പോഴുള്ള തെങ്ങുകൾ പൂർണമായും ഇല്ലാതാകും
പഞ്ചായത്ത് അംഗം വേലായുധൻ