കണ്ണൂർ: വീടുപണിയാൻ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ ഇടതുസർക്കാർ നടപടിക്കെതിരെ വീടിനു മുന്നിൽ ബാനർ കെട്ടി വീണ്ടും ചിത്രലേഖയുടെ സമരം. യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച ഭൂമിയും ധനസഹായവും റദ്ദാക്കിയ ഇടതു സർക്കാർ ഇപ്പോൾ തനിക്ക് അനുവദിച്ച സ്ഥലത്തിന് തൊട്ടടുത്ത് ലൈഫ് മിഷൻ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് അവർ ഫേസ് ബുക്കിൽ കുറിച്ചു .
തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കാതെ സി.പി.എം നിരന്തരമായി വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. പണി പാതി വഴിയിലായ വീടിനു മുന്നിൽ ചിത്രലേഖ ഉപവാസമിരുന്നതോടെ കഴിഞ്ഞദിവസം നടന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കാട്ടാമ്പള്ളി സ്കൂളിലേക്ക് മാറ്റിയിരുന്നു.
2016 മാർച്ചിലാണ് വീടു പണിക്കാവശ്യമായ തുക യു.ഡി.എഫ് സർക്കാർ അനുവദിച്ചത്. ചിറക്കൽ പഞ്ചായത്തിലായിരുന്നു അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. എന്നാൽ 2016 ൽ തന്നെ അനുവദിച്ച തുകയും 2018ൽ ഭൂമിയും ഇടതു സർക്കാർ റദ്ദാക്കുകയായിരുന്നു.ചിത്രലേഖ കോടതിയെ സമീപിച്ച് ഭൂമി റദ്ദാക്കിയ സർക്കാർ നടപടിക്ക് സ്റ്റേ നേടുകയായിരുന്നു.
69 സെന്റ് സർക്കാർ ഭൂമിയിൽ ചിത്രലേഖയ്ക്ക് അനുവദിച്ച അഞ്ച് സെന്റും കഴിച്ച് ബാക്കിയുള്ള സ്ഥലത്താണ് ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് പണിയുന്നത്. സി.പി.എം കോട്ടയായിരുന്ന പയ്യന്നൂർ എടാട്ട് ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ചിത്രലേഖയുടെ ഒാട്ടോ കത്തിച്ചതടക്കമുള്ള സംഭവങ്ങൾ നേരത്തെ വിവാദമായിരുന്നു. സി.പി.എം തങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് 2014ൽ നാലുമാസത്തോളം കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ചിത്രലേഖ കുടിൽകെട്ടി സമരം ചെയ്തിരുന്നു. ഇതേതുടർന്നാണ് യു.ഡി.എഫ് സർക്കാർ വീട് നിർമ്മിക്കാൻ ഭൂമിയും ധനസഹായവും അനുവദിച്ചത്.
ഈ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ദളിത് വിഭാഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നുവെന്ന് സർക്കാർ പറയുന്നു. ഞാനും ഒരു ദളിത് സ്ത്രീയാണ്. എന്തു കൊണ്ട് എനിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നില്ല.
ചിത്രലേഖ