ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു
മലപ്പുറം: ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരെ ദുരിതത്തിലാക്കി മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണങ്ങൾ. റോഡ് ടെസ്റ്റിന് പങ്കെടുപ്പിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചതോടെ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയാനായവർക്ക് പോലും റോഡ് ടെസ്റ്റിനുള്ള ദിവസം അനുവദിച്ച് കിട്ടുന്നില്ല. വാഹൻ സാരഥി സോഫ്റ്റുവെയർ മുഖേന അപേക്ഷിക്കുമ്പോൾ ഡിസംബറിന് ശേഷമുള്ള തീയതിയാണ് ലഭിക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കും ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കും മാത്രമായി ഒക്ടോബർ 15 വരെ അവസരം നൽകുമെന്നായിരുന്നു നേരത്തെ മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈസൻസ് അപേക്ഷകരുള്ള ജില്ലയാണ് മലപ്പുറം. ഏപ്രിൽ മുതൽ സെപ്തംബർ 25 വരെ 3,272 പേർ ലേണേഴ്സ് ലൈസൻസ് നേടി റോഡ് ടെസ്റ്റിനായി കാത്തിരിക്കുന്നുണ്ട്. പുതിയ അപേക്ഷകൾ കൂടി സ്വീകരിക്കുന്നതോടെ എണ്ണം വലിയതോതിൽ ഉയരും. നിലവിൽ ദിവസം പരമാവധി 80 പേർക്ക് മാത്രമാണ് റോഡ് ടെസ്റ്റ് നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ പേരിലാണ് ടെസ്റ്റിന് ഉൾപ്പെടുത്തുന്നവരുടെ എണ്ണം വലിയതോതിൽ വെട്ടിക്കുറച്ചത്.
ആപ്പിലായി അപേക്ഷകർ
കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സെപ്തംബർ 15 മുതൽ ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിച്ചിട്ടുണ്ട്. 14 മുതൽ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ ഒരുക്കാനായില്ലെന്ന് കാണിച്ച് നിലമ്പൂരിലൊഴികെ ജില്ലയിൽ മറ്റൊരിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല. ഈ ദിവസത്തേക്ക് റോഡ് ടെസ്റ്റിന് ഡേറ്റെടുത്ത് എത്തിയവർ നിരാശരായി മടങ്ങേണ്ടി വന്നു. മറ്റൊരു ദിവസത്തേക്ക് റോഡ് ടെസ്റ്റിന് ഓൺലൈനായി അപേക്ഷിക്കാനാണ് ഇവരോട് നിർദ്ദേശിച്ചത്. നിലവിൽ ഡിസംബറിന് ശേഷമേ അവസരമുള്ളൂ എന്നാണ് വാഹൻ സാരഥിയിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് ലഭിക്കുന്ന മറുപടി. ഈ കാലയളവിനുള്ളിൽ ഇവരുടെ ലേണേഴ്സ് ലൈസൻസ് കാലാവധി അവസാനിക്കും. ഇതോടെ പുതുതായി ഫീസ് അടച്ച് അപേക്ഷിക്കേണ്ട അവസ്ഥയാവും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാണ് നിർദ്ദേശം. ഇതാണ് അപേക്ഷകൾ തീർപ്പാക്കുന്നത് വൈകാൻ കാരണം.
അനന്തകൃഷ്ണൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ