ബീജിംഗ്: ഉയിഗൂർ ന്യൂനപക്ഷ വിഭാഗത്തെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ചൈനീസ് ഭരണകൂടം. പ്രസിഡന്റ് ഷീ ജിൻ പിങിന്റെ നേതൃത്വത്തിൽ ഉയിഗൂർ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സിൻജിയാങ് മേഖലയിലടക്കം 16,000ത്തോളം മോസ്കുകൾ പൊളിച്ചുമാറ്റിയതായും തടങ്കൽ പാളയങ്ങളുടെ ശൃംഖല തന്നെ നിർമ്മിക്കുന്നതായും റിപ്പോർട്ട്. ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ തെളിവായി ഉപഗ്രഹ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
സിൻജിയാൻ പ്രവിശ്യയിൽ മാത്രം 380 തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിലെ സംവിധാനങ്ങളെക്കാൾ 40 ശതമാനം വർദ്ധനവാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ദൃക്സാക്ഷികളുടെ അഭിമുഖം, മാദ്ധ്യമ വാർത്തകൾ, ഔദ്യോഗിക രേഖകൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ നൂറിലധികം തടങ്കൽപാളയങ്ങൾ കണ്ടെത്തിയിരുന്നു. 2019 ജൂലായ്- 2020 ജൂലായ്ക്കും ഇടയിൽ 60 തടങ്കൽപാളയങ്ങളാണ് നിർമിച്ചത്. 14 എണ്ണം നിലവിൽ നിർമാണത്തിലാണ്.
ഇതിൽ പകുതിയിലധികം കേന്ദ്രങ്ങളിൽ ജയിലുകളിലെ പോലെ സമയക്രമം നിശ്ചയിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം, സിൻജിയാൻ പ്രവിശ്യയിലെ ദാരിദ്ര്യവും പ്രാദേശിക തീവ്രവാദവും കൈകാര്യം ചെയ്യുന്നത് ലക്ഷ്യമിട്ടുള്ള നടപടിയാണെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ, പത്തുലക്ഷം ജനങ്ങളെ തടവിലിടാനുള്ള നീക്കമാണിതെന്നാണ് സൂചന.
കബർസ്ഥാനുകളും പൊളിച്ചുമാറ്റി
ചൈനയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം 8500 ഓളം മോസ്കുകളാണ് പൊളിച്ചു മാറ്റിയത്. പ്രവിശ്യയിലാകെ 16,000 മോസ്കുകൾ തകർത്തു. 15,500ഓളം മോസ്കുകൾ ആക്രമണത്തെ അതിജീവിച്ചതായും റിപ്പോർട്ടിലുണ്ട്.
വാർത്താ ഏജൻസിയായ എ.എഫ്.പി നടത്തിയ അന്വേഷണത്തിൽ ഉയിഗൂർ ന്യൂനപക്ഷങ്ങളുടെ കബർസ്ഥാനുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി വ്യക്തമായിരുന്നു. മേഖലയിലായകെ മനുഷ്യാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായി അവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിത് ചൈനാ വിരുദ്ധരുടെ റിപ്പോർട്ടാണെന്നാണ് ചൈനീസ് സർക്കാർ പ്രതികരിച്ചത്.
ദുരിത ജീവിതം
ന്യൂനപക്ഷ വിഭാഗമായ ഉയിഗൂർ മുസ്ളികളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷ വംശീയതയിലേക്ക് ചേർക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. ഇതിനോട് വിമുഖത കാട്ടിയ പത്തുലക്ഷത്തോളം ഉയിഗൂറുകളെ രണ്ട് പതിറ്റാണ്ടായി ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ചൈനീസ് ഭരണകൂടം നേരിടുന്നത്. കൂടാതെ, മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽ നിന്ന് മുസ്ളിങ്ങളെ സർക്കാർ വിലക്കിയിട്ടുണ്ട്. 2015ൽ സിൻജിയാങ് പ്രദേശത്ത് നിലവിൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും 2017ലെ തീവ്രവാദ നിയന്ത്രണ നിയമവും ഉയിഗൂറുകളുടെ ജീവിതം കൂടുതൽ നരക തുല്യമാക്കിയിട്ടുണ്ട്.