റിയോ ഡി ജനീറോ: 'ചെകുത്താൻ മനുഷ്യൻ' എന്ന് വിളിക്കുന്നതാണ് 44കാരനായ മൈക്കൽ ഫാരഡോയ്ക്ക് ഇഷ്ടം. തന്നെ കാണുമ്പോൾ എല്ലാവരും ഭയന്ന് ഓടണം. അതിനായി സ്വന്തം ശരീരം എത്രമാത്രം പൈശാചികമാക്കി മാറ്റാമോ, അതൊക്കെ മൈക്കൽ ചെയ്യും.
ദേഹമാസകലം പച്ചകുത്തി, മൂക്കിന്റെ വലിയൊരു ഭാഗം അരിഞ്ഞുമാറ്റി, ചെവികൾ രണ്ടും മുറിച്ച് കളഞ്ഞ്, സാത്താന്റ രൂപം ലഭിക്കാൻ ദന്തരോഗവിദഗ്ദ്ധന്റെ സഹായത്തോടെ പല്ലുകൾ രാകി മൂർച്ചവയ്പിച്ച്, തലയിലും താടിയിലും കൊമ്പുകൾ വച്ചുപിടിപ്പിച്ച്... മൈക്കൽ സ്വന്തം ശരീരത്തിൽ ചെയ്യാൻ ബാക്കിയൊന്നുമില്ല. കണ്ണിനുള്ളിലെ വെളുത്ത ഭാഗംവരെ ടാറ്റൂ ചെയ്ത് കറുപ്പിച്ചിട്ടുണ്ട്. ഭയാനകത തോന്നിക്കാൻ വേറെന്തു വേണം.
ബ്രസീലിലെ സാവോപോളൊ സ്വദേശിയായ 40 കാരൻ മൈക്കൽ ഫാരോഡോ പ്രാഡോ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്. മറ്റുള്ളവർക്ക് പച്ചകുത്തുന്നതിനൊപ്പം സ്വന്തം ശരീരത്തിലും ഇയാൾ വിവിധ രൂപങ്ങൾ പരീക്ഷിക്കുക പതിവായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത പച്ചകുത്തലിനെ തുടർന്ന് ഇയാൾക്ക് ലഭിച്ചത് വിചിത്രമായ രൂപമാണ്.
തന്നെ കണ്ട് ആളുകൾ ഭയക്കാൻ ആരംഭിച്ചതോടെയാണ് മൈക്കൽ സ്വയം ഒരു 'ചെകുത്താനാകാൻ' തീരുമാനിച്ചത്.
മൂക്ക് മുറിച്ചുമാറ്റിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയാണ് താനെന്ന് മൈക്കൽ പറയുന്നു. മൈക്കിൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇത് കണ്ടവർ അസ്സൽ ചെകുത്താൻ എന്നാണ് മൈക്കലിനെ വിശേഷിപ്പിക്കുന്നത്.
ഭാര്യയുടെ മാസ്റ്റർപീസ്
ശരീരത്തിൽ രൂപമാറ്റം വരുത്തുന്നതിൽ വിദഗ്ദ്ധയാണ് മൈക്കിലിന്റെ ഭാര്യ. 'പച്ചകുത്തലിൽ അവളുടെ മാസ്റ്റർപീസ് ആകണമെന്നാണ് എന്റെ ആഗ്രഹം."- മൈക്കൽ പറയുന്നു. പച്ച കുത്തൽ ഏറെ വേദനാജനകമാണെന്നും എന്നാൽ ആഗ്രഹിച്ച രൂപം കൈവരിക്കാൻ വേദന സഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.