കൊല്ലം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 10.560 ഗ്രാം എം.ഡി.എം.എയുമായി (മെത്തലീൻ ഡയോക്സി മെത്താംഫിറ്റാമിൻ ) യുവാവ് അറസ്റ്റിൽ. കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ 26 പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപുവിനെയാണ് (25) എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും കൂടിയ അളവിൽ എം.ഡി.എം.എ പിടികൂടുന്നത്. ആശ്രാമം മൈതാനം, ഉളിയക്കോവിൽ, കാവടിപ്പുറം ഭാഗങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന കായൽ തീരങ്ങൾ കേന്ദ്രീകരിച്ച് ദീപുവിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വില്പന നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ച് മാനസിക നില തെറ്റിയതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. മുമ്പും ദീപു കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
10 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വെക്കുന്നത് 20 വർഷം വരെ തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതി ലഹരി വില്പനയിലൂടെ സമ്പാദിച്ച സ്വത്തും സർക്കാരിലേക്ക് കണ്ട് കെട്ടും.
എം.ഡി.എം.എ ഒരു തരി ഉപയോഗിച്ചാൽ തലച്ചോറിന്റെ മൊത്തം പ്രവർത്തനവും താളം തെറ്റി തുടങ്ങും. ക്വട്ടേഷൻ സംഘങ്ങളും ദീപുവിന്റെ ഉപഭോക്താക്കളാണ്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ചില ആഫ്രിക്കൻ സ്വദേശികൾ ഉണ്ടാക്കുന്ന കൃത്രിമ മയക്ക് മരുന്നാണിത്. ഉപയോഗിച്ചാൽ മണമില്ലാത്തതിനാൽ കണ്ട് പിടിക്കാൻ എളുപ്പമല്ല.
ഒരു ഗ്രാമിന് 5000 രൂപ വില
ഒരു ഗ്രാം എം.ഡി.എം.എ 5000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഒരു ഗ്രാം ആവശ്യമുള്ളവർ 'പൗച് ' എന്നും അര ഗ്രാം ആവശ്യമുള്ളവർ ' പോയിന്റ് ' എന്നുമുള്ള കോഡ് ഭാഷകൾ ഉപയോഗിച്ചാണ് ദീപുവിനെ ബന്ധപ്പെട്ടിരുന്നത്.
17 മുതൽ 26 വരെ വയസ് പ്രായമുള്ളവരാണ് ദീപുവിന്റെ പ്രധാന ഉപഭോക്താക്കൾ. ലോക്ക് ഡൗണിനു മുമ്പ് ദീപു വനിതാ സുഹൃത്തിനൊപ്പം ബാംഗ്ലൂരിൽ പോയി എം.ഡി.എം.എ വാങ്ങിയതിന്റെ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണത്തിലേക്ക് എക്സൈസ്
മയക്ക് മരുന്ന് കേസിൽ പ്രതിയായ ആറ്റിങ്ങൽ സ്വദേശി വൈശാഖിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് 50 ഗ്രാം വീതം എം.ഡി.എം.എ കൊറിയർ വഴി വാങ്ങാറുണ്ടെന്ന് ദീപു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പത്ത് ഗ്രാം വിറ്റ് കിട്ടയ 40,000 രൂപയും പിടിച്ചെടുത്തു. ദീപുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.