കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐ.എൽ.ജി.എം.എസ്) സംസ്ഥാനതല ഉദ്ഘാടനം 28 ന് നടക്കും. ആദ്യഘട്ടത്തിൽ ജില്ലയിൽ 11 പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്.
നീണ്ടൂർ, പള്ളിക്കത്തോട്, തിരുവാർപ്പ്, വിജയപുരം, കങ്ങഴ, വാകത്താനം, നെടുംകുന്നം, മുത്തോലി, മീനച്ചിൽ, മരങ്ങാട്ടുപിള്ളി, ഞീഴൂർ എന്നിവയാണ് പഞ്ചായത്തുകൾ.
അപേക്ഷ സമർപ്പിക്കുന്നത്
https://erp.lsgkerala.gov.in എന്ന വിലാസത്തിലും, അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും ലഭ്യമാകും. ഇതിന് പുറമെ നിലവിലുള്ള രീതിയിൽ തപാൽ മാർഗവും പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയുമുള്ള സേവനങ്ങളും തുടരും. പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നത് ഓൺലൈനിലായതിനാൽ അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഫയലുകൾ കൈകാര്യം ചെയ്യാനാകും. അപേക്ഷയിൽ നടപടി പൂർത്തിയാകുമ്പോൾ ഇതു സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും.