എസ്.പി.ബിയുടെ കേരളത്തിലെ അവസാന പരിപാടി
കോട്ടയം : എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കേരളത്തിലെ അവസാന സംഗീതനിശ കാണാൻ ഭാഗ്യം ലഭിച്ചത് കോട്ടയംകാർക്ക്. 2018 ഡിസംബർ 20 ന് നെഹൃസ്റ്റേഡിയം തിങ്ങി നിറഞ്ഞ ആസ്വാദകരെ സംഗീതത്തിന്റെ അനന്തവിഹായസിലേക്ക് ഉയർത്തിയ ഷോയിൽ ആസ്വാദകരുടെ താത്പര്യം മനസിലാക്കി പാട്ടുകളുടെ എണ്ണവും കൂട്ടി. സാധാരണ പത്തിൽ താഴെ പാട്ടുകൾ പാടുന്നിടത്ത് 18 പാട്ടുകളാണ് പാടിയത്. രാത്രി 10 കഴിഞ്ഞ് നീണ്ട ഷോ തന്റെ മികച്ച ഷോകളിൽ ഒന്നാണെന്ന് പറഞ്ഞ് കോട്ടയത്തെ ആസ്വാദകർക്ക് എസ്.പി.ബി നന്ദി പറഞ്ഞതായി ആർട്ട് ഫൗണ്ടേഷൻ കോട്ടയം (എ.എഫ്.കെ) സംഘാടാകനായ തോമസ് ഓർത്തെടുക്കുന്നു.
നോട്ട് നിരോധനം കാരണം സ്പോൺസർഷിപ്പും ടിക്കറ്റ് വില്പനയും കുറഞ്ഞതോടെ ഗാനമേളയുടെ പണം കുറച്ചുവാങ്ങി മറ്റ് പ്രമുഖ ഗായകർ കാണിക്കാത്ത മനുഷ്യത്വപരമായ സമീപനവും എസ്.പിയിൽ നിന്നുണ്ടായി .2016 നവംബർ 26 ന് പരിപാടി നടത്താൻ ആറുമാസം മുൻപ് ബുക്ക് ചെയ്തിരുന്നു. നവംബർ എട്ടിനാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. അതോടെ സ്പോൺസർഷിപ്പ് ഏറ്റവർ പിൻമാറി. സംഘാടകരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി സാധാരണ ഗാനമേളയ്ക്ക് വാങ്ങാറുള്ള പണം വാങ്ങിയില്ലെന്ന് മാത്രമല്ല മറ്റൊരു പരിപാടി കോട്ടയത്ത് നടത്തുമെന്നും അനൗൺസ് ചെയ്താണ് മടങ്ങിയത്. 2018 ഡിസംബർ 20ന് ഡേറ്റ് നൽകിയെങ്കിലും യേശുദാസുമൊത്ത് സിംഗപ്പൂർ പ്രോഗാം വന്നിട്ടും കോട്ടയത്തെ പരിപാടി നേരത്തേ ഏറ്റതെന്ന് പറഞ്ഞ് അത് ഉപേക്ഷിച്ചാണ് എസ്.പി കോട്ടയത്തെത്തിയത്.
മാതൃകയാക്കാം ഈ ഗായകനെ
" ആരുമായും ഇടപെടും, വലിപ്പ ചെറുപ്പമില്ല. അങ്ങേയറ്റം വിനയം. സ്റ്റേജിൽ സംഗീത മാജിക്ക് കാട്ടി ശ്രോതാക്കളെ പിടിച്ചിരുത്തി ഷോ വൻവിജയമാക്കാൻ പ്രത്യേക കഴിവാണ്. കൂട്ടത്തിൽ പാടാൻ പ്രശസ്ത ഗായികമാർ വേണമെന്നോ മികച്ച ഓർക്കസ്ട്ര ട്രൂപ്പ് വേണമെന്നോ നിർബന്ധമൊന്നുമില്ല. കോട്ടയത്ത് രണ്ട് തവണയും കൂടെ പാടിയത് കലാഭവനിലെ ഗായികയായ റീനയായിരുന്നു. പാടുമ്പോൾ അവരെ നോക്കി പരിഭ്രമമില്ലാതാക്കി പ്രോത്സാഹിപ്പിച്ച് പാട്ട് മെച്ചപ്പെടുത്താൻ അദ്ദേഹം മുൻകൈയെടുക്കും. കോട്ടയത്ത് പരിപാടിയ്ക്കിടെ ആദരിക്കാൻ സ്റ്റേജിലെത്തിയ സുരേഷ് കുറുപ്പ് എം.എൽ.എ കാലിൽ തൊട്ടു വന്ദിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. എന്നെയല്ല ആണ്ടവനെ വന്ദിക്കാൻ പറഞ്ഞു ആകാശത്തേക്ക് നോക്കി തൊഴുകയായിരുന്നു എസ്.പി. ശങ്കരാഭരണം എന്ന പ്രശസ്ത ഗാനം പാടുമ്പോൾ അദ്ദേഹം കാലിൽ നിന്ന് ചെരിപ്പൂരും. പ്രോഗ്രം തുടങ്ങും മുമ്പ് പ്രർത്ഥന നടത്തുന്നതിന് മുൻപ് സ്റ്റേജിലെത്തുമ്പോൾ തൊട്ടു തൊഴുതേ വേദിയിൽ കയറൂ. ഇങ്ങനെ പലകാര്യങ്ങളിലും മാതൃകയാക്കേണ്ട മറ്റൊരു സംഗീതജ്ഞനെ നമുക്ക് ചൂണ്ടിക്കാട്ടാൻ ഇല്ല.....