കോഴിക്കോട് : പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികൾക്ക് ഇനി ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ വീടുകളിൽ ചികിത്സയാവാം. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ചികിത്സയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ വ്യക്തമാക്കി.
ർരോഗലക്ഷണങ്ങളില്ലാത്തവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുളളവർക്കും വീടുകളിൽ ഒരു മുറിയിൽ നിരീക്ഷണത്തിൽ കഴിയാം. ഇത്തരത്തിൽ നിരീക്ഷണത്തിലുളളവരുടെ ആരോഗ്യവിവരങ്ങൾ ദിവസവും പ്രദേശത്തെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വിലയിരുത്തും.
നിബന്ധനകൾ ഇങ്ങനെ
വീട്ടിൽ വാഹനം, ടെലിഫോൺ തുടങ്ങിയവ ഉണ്ടായിരിക്കണം
വാർഡ്തല ആർ.ആർ.ടി. യുടെ അറിവോടെ മാത്രമേ വീട്ടിൽ കഴിയാവൂ.
പ്രായാധിക്യമുളളവർ, ഗുരുതരമായ രോഗമുളളവർ, ചെറിയകുട്ടികൾ, ഗർഭിണികൾ എന്നിവരെ മാറ്റി പാർപ്പിക്കണം.
പരിചരണത്തിന് ഒരു കുടുംബാംഗത്തിന്റെ സേവനം ഉറപ്പുവരുത്തണം.
ഭക്ഷണസാധനങ്ങളും മറ്റും കൈമാറുന്നവർ മൂന്ന് പാളികളുളള മാസ്ക് ധരിച്ചിരിക്കണം.
നിരീക്ഷണത്തിലുള്ളവർ യാതൊരുകാരണവശാലും മുറിയിൽ നിന്ന് ഇറങ്ങരുത്.
രോഗികൾക്ക് അസ്വാസ്ഥ്യം തോന്നിയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.
നിരീക്ഷണവിവരങ്ങളും രോഗവിവരങ്ങളും ഒരു ഡയറിയിൽ സ്വയം എഴുതി സൂക്ഷിക്കണം.
ആരോഗ്യ പ്രവർത്തകരുടെ ഫോൺ കാളിന് കൃത്യമായ മറുപടി നൽകണം.
ഹോം ഐസോലേഷനിൽ കഴിയുന്നവർ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. ധാരാളം വെളളം കുടിക്കുകയും വേണം.
ആവശ്യമായ വിശ്രമവും ഉറക്കവും അനിവാര്യം.
വസ്ത്രങ്ങളും മുറിയും സ്വയം വൃത്തിയാക്കി ബ്ലീച്ച് സൊല്യൂഷൻ ഉപയോഗിച്ച് അണുനശീകരണം നടത്തണം.
മെഡിക്കൽ ഓഫീസർ നിർദ്ദേശിക്കുന്ന ദിവസത്തിൽ ആന്റിജൻ ടെസ്റ്റിന് വിധേയരാകണം.