തൃപ്പൂണിത്തുറ: തന്റെ ഒമ്പതാമത്തെ പാട്ടു പാടുവാൻ എസ്.പി ബാലസുബ്രഹ്മണ്യം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഗാന രചയിതാവും സംഗീതഞ്ജനുമായ ഡോ: പൂർണ്ണത്രയീ ജയപ്രകാശ്. ആ പ്രതീക്ഷ വെറുതേയായി. എസ്.പി.ബിയുടെ വിയോഗവാർത്ത വിശ്വസിക്കാനാവാതെ തൃപ്പൂണിത്തുറയിലെ വീട്ടിൽ ദു:ഖിതനായിരിക്കുകയാണ് അദ്ദേഹം.
തമിഴ്, മലയാളം ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന മെഗാസീരിയലിനു വേണ്ടി ഡോ: പൂർണ്ണത്രയീ ജയപ്രകാശ് തമിഴിൽ എഴുതി സംഗീത സംവിധായകൻ ടി.എസ് രാധാകൃഷ്ണൻ സംഗീതം നൽകിയ 22 വരികളുള്ള ടൈറ്റിൽ സോംഗാണ് എസ്.പി ബാലസുബ്രഹ്മണ്യം പാടാമെന്നു പറഞ്ഞിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾക്കിടെ ചെന്നൈയിൽ കൊവിഡ് പടർന്നുപിടിച്ചു. പരിപാടിയും മാറ്റി. എതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ എസ്.പി.ബി രോഗബാധിതനാകുകയും ചെയ്തു.
എസ്.പിയുമായി 2010 മുതൽ ബന്ധമുണ്ട്. മുൻപ് ഡോ:ജയപ്രകാശിന്റെ തമിഴിലും കന്നഡയിലുമുള്ള എട്ടു മുരുക, അയ്യപ്പ ഭക്തിഗാനങ്ങൾ രണ്ട് ആൽബങ്ങളിലായി എസ്.പി പാടിയിട്ടുണ്ട്.
2015ൽ തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ ജയപ്രകാശ് എഴുതിയ വിഷ്ണുമായ ഭക്തിഗാനങ്ങളും ഇതിൽ പെടും. ഈ ആൽബത്തിൽ എസ്.പിയുടെ പാട്ടുകൾക്ക് വേണ്ടി അഭിനയിച്ചതും ഡോ.ജയപ്രകാശ് ആയിരുന്നു.
2017ൽ തമിഴ് യൂണിവേഴ്സിറ്റി ചെന്നൈയിൽ വച്ച് എസ്.പിക്ക് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ച ചടങ്ങിൽ വച്ചാണ് താനും ഡോക്ടറേറ്റ് ഏറ്റുവാങ്ങിയതെന്നും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 21ന് തൃശൂരിൽ ദേവസ്ഥാനത്ത് ദക്ഷിണാമൂർത്തി നാദപുരസ്കാരം ഏറ്റുവാങ്ങുവാനാണ് എസ്.പി.ബി ഒടുവിൽ കേരളത്തിലെത്തിയത്.ആ പരിപാടിയിൽ സ്വാഗത പ്രാസംഗികനായിരുന്നു താനെന്നും ജയപ്രകാശ് അനുസ്മരിച്ചു.