കൊച്ചി: കൈയിൽ നയാപൈസയില്ല, കയറിക്കിടക്കാൻ സ്വന്തം വീടുമില്ല...! ആറുപതിറ്റാണ്ടുകാലം മലയാള നാടകവേദിയിൽ നിറഞ്ഞുനിന്ന ചോറ്റാനിക്കര രുഗ്മിണിദേവി (75) യുടെ ജീവിതനാടകം ആന്റി ക്ലൈമാക്സിലേക്ക്.
പ്ലക്കാർഡുമേന്തി കണയന്നൂർ താലൂക്ക് ഓഫീസിനു മുമ്പിലെ റോഡരുകിൽ സത്യാഗ്രഹമിരുന്ന അവശകലാകാരിയെ അധികൃതർ വിരട്ടിയോടിച്ചു. ആരാണെന്നോ ആവശ്യമെന്തെന്നോ ചോദിച്ചറിയാനുള്ള മഹാമനസ്കത ഉദ്യോഗസ്ഥർക്കുണ്ടായില്ല. ''ഇത് രാഷ്ട്രീയപ്രശ്നമല്ല, 60 വർഷം കലയ്ക്കായി സമർപ്പിച്ച കലാകാരിയുടെ ദയനീയതയാണെന്ന'' പ്ലക്കാർഡിലെ വാക്യം പോലും ഉദ്യോഗസ്ഥർ പരിഗണിച്ചില്ല.
നാടകശാല, കലാശാല, സൂര്യസോമ, ദേശാഭിമാനി, വൈക്കം മാളവിക, ശകുന്തള, നാഷണൽ, കൊച്ചിൻ നാടകവേദി, ആലപ്പി തീയേറ്റേഴ്സ് തുടങ്ങി പ്രമുഖ നാടകസമിതികളിലെ നിറസാന്നിദ്ധ്യമായും നെല്ലിക്കോട് ഭാസ്കരൻ, എൻ.എൻ.പിള്ള, എസ്.എൽ.പുരം, ശങ്കരാടി, മാള അരവിന്ദൻ, കുതിരവട്ടം പപ്പു തുടങ്ങിയവർക്കൊപ്പം നായികയായും ഇണയത്തേടി, എന്റെ ശത്രുക്കൾ, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളിൽ സഹനടിയായും വേഷമിട്ട കലാകാരിയാണ് ജീവതനാടകത്തിലെ അവസാനരംഗം ആടിത്തീർക്കാൻ വേദിതേടി സത്യാഗ്രഹമനുഷ്ഠിക്കുന്നത്.
നാടകാഭിനയത്തിലൂടെ കിട്ടിയപണം സ്വരൂപിച്ച് ചോറ്റാനിക്കരയിൽ വാങ്ങിയ 75 സെന്റ് സ്ഥലം ഭർത്താവ് മൂലം അന്യാധീനപ്പെട്ടു. മറ്റൊരു സ്ത്രീയുമായി ഭർത്താവ് നാടുവിട്ടതോടെ മൂന്നു മക്കളുമായി വാടകവീട്ടിൽ അഭയം തേടി. രണ്ട് പെൺമക്കളെ വിവാഹം ചെയ്തുവിട്ടു. മകൻ വൃക്കരോഗി. ചോറ്റാനിക്കര കടുംഗമംഗലത്ത് വാടകവീട്ടിലാണ് ഇപ്പോൾ. വാടക കൊടുക്കാനും നിത്യചെലവിനും നിവൃത്തിയില്ല. കാൻസർ ഉൾപ്പടെ മാരകരോഗങ്ങളുമുണ്ട്.
1967 ൽ ദേശാഭിമാനി തീയേറ്രേഴ്സിൽ അഭിനയിക്കുന്ന കാലത്ത് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും എ.കെ.ജിയും ആവശ്യപ്പെട്ടതനുസരിച്ച് കോസലരാമദാസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്ന് രുഗ്മിണിദേവി പറയുന്നു. കമ്മ്യൂണിസ്റ്റുകാരിയായി ഇന്നും ജീവിക്കുന്നു. അന്ന് പാർട്ടിക്കുവേണ്ടി 24,000 രൂപ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ചതിന് നേതാക്കൾ സമ്മാനിച്ച രണ്ടു സാരികളിൽ ഒന്ന് ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. എ.കെ. ജി സമ്മാനിച്ചതാണ്. ഇ.എം.എസിന്റെ സഹധർമിണി നൽകിയ ഒരു ജോഡികമ്മൽ മകളുടെ കുഞ്ഞിന്റെ കാതുകുത്തിയപ്പോൾ മുത്തശ്ശിയുടെ സമ്മാനമായി അടുത്തിടെ കൈമാറി. ഇനിയൊന്നും ബാക്കിയില്ല.
താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വിരട്ടലിനെത്തുടർന്ന് പിന്മാറിയെങ്കിലും തിങ്കളാഴ്ച മറ്റൊരു സ്ഥലത്ത് സത്യാഗ്രഹം തുടരുമെന്ന് പറഞ്ഞാണ് രുഗ്മിണി മടങ്ങിയത്.