ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്തിൽ സ്തംഭിച്ച് രാജ്യം. തെരുവുകളിൽ കർഷകരോഷം ആളിക്കത്തി.
ട്രാക്ടറുകൾ അടക്കം അണിനിരത്തി ആയിരക്കണക്കിന് കർഷകർ ദേശീയപാതയും റെയിൽവെപാതകളും ഉപരോധിച്ചു. പ്രക്ഷോഭം ഇന്നും തുടരും.
ഡൽഹിയിലേക്ക് നീങ്ങിയ വൻ ജനാവലി അണിനിരന്ന കർഷക മാർച്ചുകൾ അതിർത്തികളിൽ പൊലീസ് തടഞ്ഞു. ഇത് റോഡുകളിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തികളും പൊലീസ് അടച്ചു. ഡൽഹിയിൽ ഇടത് കർഷക സംഘടനകളുടെ പ്രതിഷേധത്തിനിടെ കർഷക ബില്ലുകൾ കീറിയെറിഞ്ഞു.
പഞ്ചാബിൽ വ്യാഴാഴ്ച തുടങ്ങിയ ട്രെയിൻ തടയൽ സമരം നാളെയും തുടരും. പഞ്ചാബിൽ ഒമ്പത് ട്രെയിനുകൾ ഭാഗികമായും ഹരിയാനയിൽ 13 സർവീസുകളുമാണ് റദ്ദാക്കിയത്. അമൃത്സറിൽ റെയിൽവേ പാളത്തിൽ പ്രക്ഷോഭകരുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
ബിഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്രാക്ടർ റാലിയിൽ പങ്കെടുത്തു. ആർ.ജെ.ഡി പ്രവർത്തകർ പോത്തിന് മുകളിലിരുന്നാണ് പ്രതിഷേധിച്ചത്.
മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഡ് , തമിഴ്നാട്, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കർഷകർ റോഡുകൾ ഉപരോധിച്ചു.
28ന് രാജ്ഭവനിലേക്ക് കർഷക മാർച്ചുകൾ നടത്തി ഗവർണർമാർക്ക് നിവേദനം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. രണ്ട് കോടി ഒപ്പുകൾ ശേഖപിച്ച് രാഷ്ട്രപതിക്ക് അയയ്ക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
150ലധികം കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബന്തിന് പത്തോളം തൊഴിലാളി സംഘടനകളും കോൺഗ്രസ്, ഡി.എം.കെ, ആം ആദ്മി, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു
അക്രമം, സംഘർഷം
പാട്നയിൽ കാർഷിക ബില്ലിനെതിരെ ജൻ അധികാർ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്ന് പരാതി. പൊലീസ് നോക്കിനിൽക്കെ വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിലൂടെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തതായി സമരക്കാർ ആരോപിച്ചു.
പുതിയ കർഷക നിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുന്നവയാണ്. ഭാരത് ബന്തിനെ പിന്തുണയ്ക്കുന്നു.- രാഹുൽ ഗാന്ധി