ഇളമണ്ണൂർ: കൊവിഡിൽ നിലച്ചുപോയത് ശ്രീരമ്യയുടെ നൃത്തച്ചുവടുകൾ കൂടിയാണ്. മികച്ച നർത്തകിയായ ശ്രീരമ്യ വീടുകളിലും തന്റെ ഡാൻസ് സ്കൂളുകളിലും നൃത്തം പഠിപ്പിച്ച് നല്ല വരുമാനം നേടിവരുമ്പോഴാണ് കൊവിഡെത്തിയത്. അതോടെ ക്ളാസ് നിലച്ചു. പക്ഷേ കലഞ്ഞൂർ രാജ്ഭവനിലെ വീട്ടിൽ വെറുതെയിരിക്കാൻ തയ്യാറല്ലായിരുന്നു ഇൗ കലാകാരി. മുമ്പ് പഠിച്ച കേക്ക് നിർമ്മാണം വെറുതെയൊന്ന് പരീക്ഷിച്ചുനോക്കി. ആകർഷകമായ രുചിയിലും പുതുമയുള്ള രൂപത്തിലും എത്തിയ കേക്ക് രുചിച്ചവർ ഒന്നാന്തരമെന്ന് പറഞ്ഞതോടെ പിന്നെ തിരിഞ്ഞുനോക്കിയില്ല. പ്രധാന ജോലി അതായി. ഇപ്പോൾ കേക്ക് വിൽപനയിലൂടെ വരുമാനവുമായി. സമൂഹ മാദ്ധ്യമങ്ങളിൽ കേക്ക് പ്രദർശിപ്പിച്ചാണ് വിപണി കണ്ടെത്തുന്നത്. നിറവും രുചിയും കൂട്ടാൻ മായം ചേർക്കുന്നില്ലെന്നതാണ് പ്രത്യേകതയെന്ന് ശ്രീരമ്യ പറഞ്ഞു. സഹായത്തിന് ഭർത്താവ് മനുവുമുണ്ട്. പിറന്നാളിനും വിവാഹ വാർഷികത്തിനുമൊക്കെ മുൻകൂട്ടി ബുക്കുചെയ്യുന്നവരുണ്ട്. ഇതിനിടെ ഉണ്ടാക്കിയ കൊറോണ കേക്ക് ഏറെ വൈറലായിരുന്നു. ബാർബി ഡോളും, സ്പൈഡർമാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ കേക്കുകളിൽ ഇടംപിടിക്കുന്നു. 275 മുതൽ 4000 രൂപ വരെ വിലയുള്ള കേക്കുകളുണ്ട്. കേരള കലാക്ഷേത്രം എന്ന പേരിൽ പത്തനാപുരത്തും പിറവന്തൂരിലും ഡാൻസ് സ്കൂളുകൾ നടത്തിവരികയായിരുന്നു ശ്രീരമ്യ. ഷോർട്ട് ഫിലിമുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് .