ചെന്നൈ: നിർമ്മലമായ മന്ദഹാസവും സ്വർഗീയ സ്വരവും വരം കിട്ടിയ ആലാപന ശൈലിയുമായി പതിനായിരക്കണക്കിന് ചലച്ചിത്ര ഗാനങ്ങളിലൂടെ തലമുറകളെ സംഗീത ഹൃദയത്തിലേക്ക് ചേർത്തണച്ച മഹാഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇനി സംഗീത വിഹായസിൽ ഒരനശ്വര രാഗം...
ആരാധകർ 'പാടും നിലാ' (പാടുന്ന ചന്ദ്രൻ) എന്ന് വിളിച്ച, ഇന്ത്യയുടെ സംഗീതസ്പന്ദനത്തെ കൊവിഡ് നിശ്ചലമാക്കി. ചെന്നൈ എം.ജി.എ ഹെൽത്ത് കെയർ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഭൗതികശരീരം നുങ്കംപാക്കത്തെ വസതിയിൽ കൊണ്ടുവന്ന ശേഷം താമരപ്പാക്കത്തെ ഫാം ഹൗസിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11ന്. മഹാഗായകന്റെ വിയോഗത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ അനുശോചിച്ചു.
സാവിത്രിയാണ് ഭാര്യ. മകൻ എസ്.പി. ചരണും മകൾ പല്ലവിയും ഗായകരാണ്. രണ്ട് സഹോദരന്മാരും ഗായിക എസ്.പി. ശൈലജ ഉൾപ്പെടെ അഞ്ച് സഹോദരിമാരുമുണ്ട്.
ആഗസ്റ്റ് 5നാണ് കൊവിഡ് ലക്ഷണങ്ങളുമായി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ ഓക്സിജൻ ലെവൽ അപകടകരമായി കുറഞ്ഞതോടെ ആഗസ്റ്റ് 13ന് വെന്റിലേറ്ററിലാക്കി. പ്ലാസ്മ തെറാപ്പി നടത്തി. ആശ്വാസം കണ്ടപ്പോൾ ഫിസിയോ തെറാപ്പിയും നടത്തി.
സെപ്തംബർ 7ന് കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും രോഗം ഗുരുതരമായി. കൊവിഡ് ശ്വാസകോശത്തിന് ഗുരുതര തകരാറുകൾ വരുത്തിയിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാൻ വരെ ആലോചിച്ചിരുന്നു. ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടായതോടെ രക്തത്തിൽ ഓക്സിജൻ ലെവൽ നിലനിറുത്താൻ എക്സ്ട്രാ കോർപറൽ മെംബ്രെയ്ൻ ഓക്സിജനേഷൻ മെഷീൻ ഘടിപ്പിച്ചു. രക്തം ശരീരത്തിന് പുറത്തേക്ക് പമ്പ് ചെയ്ത് യന്ത്രത്തിൽ വച്ച് ഓക്സിജൻ കലർത്തി തിരികെ ശരീരത്തിലേക്ക് പമ്പ് ചെയ്യുന്ന സംവിധാനമാണിത്.
19ന് നില മെച്ചപ്പെട്ടിരുന്നു. വായിലൂടെ ഭക്ഷണം കഴിക്കുന്നതായി മകൻ ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നില വീണ്ടും ഗുരുതരമാവുകയായിരുന്നു.
1946 ജൂൺ 4ന് ആന്ധ്രയിലെ നെല്ലൂരിലാണ് ജനനം. മൊത്തം പേര് ശ്രീപതി പഡിത ആരതുല്യ ബാലസുബ്രഹ്മണ്യം. ഹരികഥാ കലാകാരൻ സാംബമൂർത്തിയാണ് പിതാവ്. അമ്മ ശകുന്തളാമ്മ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്.
1966ൽ തെലുങ്ക് സംഗീത സംവിധായകൻ എസ്.പി. കോദണ്ഡപാണി ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന സിനിമയിലാണ് ആദ്യം അവസരം നൽകിയത്. എം.എസ്. വിശ്വനാഥന്റെ ഈണത്തിൽ 1969ൽ ഇറങ്ങിയ ശാന്തി നിലയമാണ് ആദ്യ തമിഴ് ചിത്രം. മികച്ച ഗായകനുള്ള ആറ് ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടി.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ ജന്മനാ കിട്ടിയ വാസനകൊണ്ട് പാടിയാണ് ഒട്ടുമിക്ക ഗാനങ്ങളും അനശ്വരമാക്കിയത്. ശങ്കരാഭരണത്തിലെ ഗാനങ്ങൾ ഒരു കർണാടക സംഗീതജ്ഞന്റെ രാഗഭാവത്തോടെ പാടിയതു കേട്ട് സംഗീതലോകം അന്തിച്ചു നിന്നു.
റെക്കാഡുകളുടെ തോഴൻ
പതിനാറ് ഭാഷകളിലായി നാല്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി ഗിന്നസ് റെക്കാഡ്
ഒറ്റ ദിവസം 21 പാട്ടു പാടി റെക്കാഡ് ചെയ്തു (കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്രകുമാറുമൊത്ത്)
ഏറ്റവും കൂടുതൽ ചിത്രത്തിലഭിനയിച്ച ഗായകൻ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ 72 ചിത്രങ്ങൾ)
എല്ലാം ഹിറ്റ്
എസ്.പി.ബി ഏതു ഭാഷയിൽ പാടിയാലും അതു ഹിറ്റാവുമായിരുന്നു. ശങ്കരാഭരണത്തിലെ ശങ്കരാ നാദശരീരാപരാ, ഓംകാര നാദാനു, മാനസ സഞ്ചരരേ... തമിഴിൽ ഇളയനിലാ പൊഴികിറതേ, മണ്ണിൽ ഇന്ത കാതലെൻട്രി, മലരേ മൗനമാ, വന്തേണ്ടാ പാൽക്കാരൻ, നാൻ ഓട്ടോക്കാരൻ, എങ്കെയും എപ്പോതും, പോവോമാ ഊർകോലം, കാതൽ റോജാവേ... ഹിന്ദിയിൽ ഹം ബനേ തും ബനേ, പഹ്ലാ പഹ്ലാ പ്യാർ, ദിൽ ദീവാനാ, മേരേ ജീവൻ സാത്തീ... മലയാളത്തിൽ കാക്കാല കണ്ണമ്മാ, ഓ പ്രിയേ പ്രിയേ, ഊട്ടിപ്പട്ടണം, താരാപഥം ചേതോഹരം.... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകൾ.
സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടം. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്.
- പ്രധാനമന്ത്രി നരേന്ദ്രമോദി