തണ്ണിത്തോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുവാങ്കുടി കാനനക്ഷേത്രത്തിലേക്കുള്ള യാത്ര നയന വിരുന്നൊരുക്കും. മിത്തുകളും, ഗോത്രാചാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണിത്. കോന്നിയിൽ നിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ തണ്ണിത്തോട് തേക്കുതോട് വഴി ആലുവാങ്കുടിയിലെത്താം. കുരുമാൻതോട്ടിൽ നിന്ന് ഫ്രണ്ട് ഗിയറുള്ള ജീപ്പിൽ വേണം ഉൾവനത്തിലേക്കുള്ള യാത്ര. വഴിയരികിൽ ചിലപ്പോൾ വന്യമൃഗങ്ങളെയും കാണാം. ചീവീടുകളുടെ ശബ്ദം മാത്രം. മലമുഴക്കി വേഴാമ്പലിനെയും കാട്ടുകോഴികളെയും ഉറപ്പായും കാണാം.മുട്ടിൽ പഴമരങ്ങളും, പൂച്ചക്കുളം വെള്ളച്ചാട്ടവും ഉൾപ്പെടെ കാഴ്ചകൾ അനവധി. ക്ഷേത്രപരിസരത്തെ മരങ്ങളിൽ കാട്ടാനപുറം ഉരച്ചതും കാണാം. റാന്നി വനം ഡിവിഷനിൽപ്പെട്ടതാണ് ഇവിടം. ഇരട്ടക്കല്ലാർ പദ്ധതി പ്രദേശമായ രണ്ടാറ്റുമൂഴി, ക്ഷേത്രത്തിന്റെ മലയായി കണക്കാക്കുന്ന കോട്ടപ്പാറ, നാനാട്ടുമേട്, അണ്ണൻതമ്പിമേട്, തേരിറങ്ങിയ പാറ തുടങ്ങിയ സ്ഥലങ്ങൾ വൈവിദ്ധ്യമാർന്ന കാഴ്ചകളാണൊരുക്കുന്നത് . ഇവ ക്ഷേത്രത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലാണ്. രണ്ടാറ്റുമൂഴിയിലെ മേടുകളിൽ നിന്നാണ് കല്ലാർ ഉത്ഭവിക്കുന്നത്. മഴ ഏറെ ലഭിക്കുന്ന ഈ പ്രദേശത്ത് നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്. 20 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന കോട്ടപ്പാറയിൽ അർജുനന്റെ പുരാതനവിഗ്രഹമുണ്ട്. നാനാട്ടു മേട്ടിലും, അണ്ണൻ തമ്പിമേട്ടിലും പുൽമേടുകളാണ്. നട്ടുച്ചനേരത്തും കുളിർ കാറ്റ് വീശുന്ന ഇവിടെ നിന്നാൽ മേടുകളുടെ നീണ്ടനിര കാണാം. ആലുവാങ്കുടിയിൽ നിന്ന് ഗുരുനാഥൻ മണ്ണ് , സീതത്തോട് വഴി ഗവിയിലേക്ക് പോകാൻ കഴിയും.
മദ്ധ്യതിരുവിതാങ്കൂറിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായിരുന്നു ആലുവാങ്കുടിയെന്ന് കരുതുന്നു. അന്ന് നിത്യപൂജ ഉണ്ടായിരുന്നതിന്റെ തെളിവായി ബലിക്കല്ല് കാണാം വിശാലമായ ക്ഷേത്രക്കുളം മഹാക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. ഉപക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലുണ്ട്. മുമ്പ് ശിവരാത്രിനാളിൽ പൂജയ്ക്കെത്തുന്ന ഭക്തജനങ്ങൾ കാട്ടാന നശിപ്പിച്ച നിലയുള്ള വിഗ്രഹങ്ങൾ കാട്ടിൽ നിന്ന് കണ്ടെത്തിയാണ് പൂജ ചെയ്തിരുന്നത്.
വനാന്തരത്തിൽ ഇടിഞ്ഞുപൊളിഞ്ഞുകിടന്ന പുരാതന ക്ഷേത്രം വേട്ടയ്ക്ക് പോയവരാണ് കണ്ടെത്തിയത് ഇതോടെ വിശേഷദിവസങ്ങളിൽ കുടിയേറ്റ കർഷകർ വിളക്കുവയ്ക്കാൻ തുടങ്ങി പുനരുദ്ധാരണം നടത്തിയാണ് ഇന്ന് കാണുന്ന വിധമാക്കിയത് വനമദ്ധ്യത്തിലുള്ള ക്ഷേത്രമായതിനാൽ വിശേഷ ദിവസങ്ങളിലെ ഇവിടെ പൂജയുള്ളൂ. ദുര സ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധി ഭക്തരാണ് ഇൗ ദിവസങ്ങളിൽ എത്തുന്നത്.
-------------------