തിരുവനന്തപുരം: നൂലുകെട്ടിന് പിന്നാലെ 40 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. നെടുമങ്ങാട്, പനയമുട്ടം സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകൾ ശിവഗംഗയുടെ മൃതദേഹമാണ് തിരുവല്ലം പള്ളത്തുംകടവിലെ ആറ്റിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പാച്ചല്ലൂർ മാർക്കറ്റിന് സമീപം പേരയിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെ (24) തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന ചിഞ്ചുവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് പറയുന്നതിങ്ങനെ
ആറ് വയസുള്ള പെൺകുട്ടിയുടെ അമ്മയായ ചിഞ്ചുവിന്റെ (27) ആദ്യ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വയറിംഗ് തൊഴിലാളിയായ ഉണ്ണിക്കൃഷ്ണനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് അമ്പലത്തിൽ വച്ച് ഇരുവരും വിവാഹിതരായി. ഗർഭിണിയായ ശേഷം ഹോം ഗാർഡ് കൂടിയായ ചിഞ്ചു ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും അമ്മ സുഗുണ ഇവരുടെ ബന്ധത്തെ അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ തിരുവല്ലം പൊലീസിൽ കേസും നിലവിലുണ്ട്. പിന്നീട് ചിഞ്ചു പനയമുട്ടത്തെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ചയായിരുന്നു നൂലുകെട്ട്. ചടങ്ങിന് ശേഷം വൈകിട്ട് ആറോടെ കുഞ്ഞിനെ അമ്മയെ കാണിക്കണമെന്നുപറഞ്ഞ് പാച്ചല്ലൂരിലേക്ക് വരികയായിരുന്നു. ഉണ്ണിക്കൃഷ്ണൻ ബൈക്കിലും ചിഞ്ചുവും കുഞ്ഞും ഓട്ടോയിലുമായാണ് വന്നത്. വീടെത്താറായപ്പോൾ ചിഞ്ചുവിനെ കണ്ടാൽ അമ്മ വഴക്കുണ്ടാക്കുമെന്ന് പറഞ്ഞ ഉണ്ണിക്കൃഷ്ണൻ കുഞ്ഞിരുന്ന ബാസ്കറ്റുമായി ബൈക്കിൽ പോവുകയായിരുന്നു. രാത്രി ഒമ്പതായിട്ടും തിരിച്ചുവരാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. നിരവധി തവണ ഫോണിൽ വിളിച്ച് കുഞ്ഞിനെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് തിരുവല്ലത്തിന് സമീപത്തു നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ പുലർച്ചെ രണ്ടോടെ കുഞ്ഞിന്റെ മൃതദേഹം ബാസ്കറ്റിൽ അടച്ച നിലയിൽ കണ്ടെത്തി.
ഉണ്ണികൃഷ്ണനെതിരെ മൊഴി
രാത്രി ഏഴോടെ ഉണ്ണിക്കൃഷ്ണൻ ആറ്റിൽ നിന്ന് കയറിവരുന്നത് കണ്ടതായും ചോദിച്ചപ്പോൾ ചവറു കളയാൻ വന്നതാണെന്ന് പറഞ്ഞതായും പ്രദേശവാസി രാജൻ മൊഴി നൽകി. ആദ്യം കുഞ്ഞുമായി ആറ്റിനരികിലെത്തിയപ്പോൾ മൺതിട്ടയിടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞ ഉണ്ണിക്കൃഷ്ണൻ പിന്നീട് കുഞ്ഞിനെ വെള്ളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കൃത്യം കുഞ്ഞെന്ന ബാദ്ധ്യത ഒഴിവാക്കാൻ
ചിഞ്ചുവുമായുള്ള ബന്ധം തുടർന്നാൽ നല്ലൊരു ജീവിതം ലഭിക്കില്ലെന്ന ചിന്തയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്താണ് കൃത്യം നടത്തിയത്. സംഭവം നടന്നതിന്റെ തലേദിവസം ഇയാൾ പള്ളത്തുംകടവ് ആറിന്റെ സമീപത്തെത്തിയിരുന്നതായും ഫോർട്ട് എ.സി.പി പ്രതാപൻ നായർ പറഞ്ഞു.