തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒക്ടോബർ 15ന് വൈകിട്ട് 5വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. സ്പോർട്സ് ക്വോട്ടയിൽ പ്രവേശനത്തിന് വിദ്യാർത്ഥികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളേജുകളിൽ (സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് താത്പര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇ-മെയിൽ വഴിയോ 15ന് വൈകിട്ട് 5നകം സമർപ്പിക്കണം. കോളേജുകളുടെ ഇ-മെയിൽ ഐ.ഡി അഡ്മിഷൻ വെബ്സൈറ്റിലുണ്ട്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് ഓൺലൈനായി ഒക്ടോബർ 15ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വോട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുളള വിഷയങ്ങളും കോളേജുകളും പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിനു ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. ഇത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ 8281883052, 82281883053 എന്നീ ഫോൺനമ്പറുകളിലും onlineadmissions@keralauniversity.ac.in ഇ-മെയിലിലും ലഭിക്കും.
എം.ജി സർവകലാശാല അറിയിപ്പുകൾ
പ്രാക്ടിക്കൽ
ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.സി.എ ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഏറ്റുമാനൂരപ്പൻ കോളേജിൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി(2016 അഡ്മിഷൻ , 2016 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ ഒക്ടോബർ 5 വരെ ചെറുവാണ്ടൂർ സിപാസിൽ നടക്കും.
പരീക്ഷാഫലം
എം.എ മ്യൂസിക് മൃദംഗം, എം.എ മ്യൂസിക് വയലിൻ, എം.എ മ്യൂസിക് മദ്ദളം, എം.എ ഭരതനാട്യം, എം.എ മോഹിനിയാട്ടം, എം.എ ചെണ്ട മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷാഫലം
2009 സ്കീം ബി.ടെക് പ്രിന്റിംഗ് ടെക്നോളജി (2012 - 13 പ്രവേശനം) നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എൽ എൽ.ബി (3 വർഷം ), എൽ എൽ.ബി (3 വർഷം) യൂണിറ്ററി ആൻഡ് ബി.ബി.എ എൽ എൽ.ബി (ഓണേഴ്സ്) കോഴ്സുകളുടെ ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.സി.എ പരീക്ഷ
എം.സി.എ (2013 പ്രവേശനം) അഞ്ചാം സെമസ്റ്റർ പരീക്ഷ ഒക്ടോബർ 12 ന് തുടങ്ങും.
സമയം നീട്ടി
പ്രവേശന പരീക്ഷ മുഖേനയുള്ള പ്രവേശനത്തിന് വിജ്ഞാപനം ചെയ്ത ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി ചേർക്കാനുള്ള അവസരം 28 ന് വൈകിട്ട് 5 മണി വരെ നീട്ടി. ബി.എച്ച്.എം., ബി.കോം ഓണേഴ്സ്, ബി.പി.എഡ്, ബി.പി.എഡ് ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർ അതേ ക്രമത്തിൽ തന്നെ മാർക്ക് രേഖപ്പെടുത്തണം.
സപ്ലിമെന്ററി പരീക്ഷ
എം.ബി.എ (സി.യു.സി.എസ്.എസ്.) ഫുൾ ടൈം, പാർട്ട് ടൈം, റഗുലർ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 6 നും രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 7 നും തുടങ്ങും.
കണ്ണൂർ യൂണി. വാർത്തകൾ
പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം
മൂന്നാം സെമസ്റ്റർ ബി .ടെക് പരീക്ഷയ്ക്ക് പയ്യന്നൂർ എസ്.എൻ.ജി.സി.ഇ.ടി പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പരീക്ഷയ്ക്കെത്തണം. എം.ഐ.ടി അഞ്ചരക്കണ്ടി കേന്ദ്രമായി അപേക്ഷിച്ചവർ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിലും ഹാജരാകണം.