തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലക്കേസ് സി.ബി. ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ഇന്നലെ വിസമ്മതിച്ചത്, സി. ബി. ഐ അന്വേഷണം ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് മൂന്നാമത്തെ തിരിച്ചടിയായി. സി.ബി.ഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ സി.ബി. ഐയുടെ നിലപാട് നിർണായകമാകും.
രാഷ്ട്രീയചായ്വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്ന വിമർശനത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതി അന്വേഷണം സി. ബി. ഐക്ക് വിട്ടത്. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയിലെ അപ്പീൽ.
ഒക്ടോബറിൽ തന്നെ കേസേറ്റെടുത്ത സി.ബി.ഐ 14 പ്രതികൾക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ എഫ്. ഐ. ആർ സമർപ്പിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണരേഖകൾ കൈമാറിയില്ലെങ്കിലും കാസർകോട് കോടതിയിൽ നിന്ന് എഫ്.ഐ.ആറിന്റെ പകർപ്പ് ശേഖരിച്ച് സി. ബി. ഐ കേസ് റീ-രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്ണൻ അന്വേഷണം ആരംഭിച്ചെന്ന് സി. ബി. ഐ സുപ്രീംകോടതിയെ അറിയിക്കും. കേസിലെ രാഷ്ട്രീയ ബന്ധവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ക്രൈംബ്രാഞ്ചിന്റെ വീഴ്ചകളും കണ്ടെത്തണമെന്ന് സി. ബി. ഐ സത്യവാങ്മൂലം നൽകുന്നത് സുപ്രീംകോടതിയിലെ അപ്പീലിൽ സർക്കാരിന് തിരിച്ചടിയാവും.
ആദ്യ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കാത്തതിനാൽ, അതിന്റെ തുടർച്ചയായി വേണം സി. ബി. ഐ അന്വേഷണം. ഫോറൻസിക് രേഖകളടക്കം കുറ്റപത്രത്തിലുണ്ട്. ഇനി ഫോറൻസിക് പരിശോധന പറ്റാത്തതിനാൽ രേഖകൾ കിട്ടണമെന്ന് സി. ബി. ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
ഹൈക്കോടതി കണ്ടെത്തിയ അട്ടിമറികൾ
രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ. വ്യക്തിവൈരാഗ്യ വാദം നിലനിൽക്കില്ല.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഒന്നാംപ്രതി പീതാംബരനെ ആക്രമിച്ചതിന്റെ വൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച്. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിന്?
കൊലയ്ക്ക് മുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതും ഒരു നേതാവിന്റെ കൊലവിളി പ്രസംഗവും അന്വേഷിച്ചില്ല.
കിണറ്റിൽ ആദ്യം കണ്ട ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറയും കൊണ്ടിട്ടത് ആരെന്നും ദുരൂഹം.
അപ്പീലിന് 88ലക്ഷം
അപ്പീലിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർസിംഗ്, ജൂനിയറായ പ്രഭാസ് ബജാജ് എന്നിവർക്കായി സർക്കാർ 88ലക്ഷം മുടക്കിയത് വിവാദമായിരുന്നു.