തൊടുപുഴ: വിപ്പ് ലംഘിച്ച ജോസ് വിഭാഗം എം.എൽ .എ മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് തിങ്കളാഴ്ച കത്ത് നൽകുമെന്ന് പി. ജെ .ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്ന് കളം മാറിയ മുൻ എം എൽ എ ജോസഫ് എം പുതുശേരിയുമായി തന്റെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. പാർലമെന്ററി പാർട്ടി ലീഡർ താനായതിനാൽ തങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെടാൻ ജോസ് വിഭാഗത്തിന് അവകാശമില്ലെന്നും ജോസഫ് പറഞ്ഞു.
നിയമപരമായി തിരഞ്ഞെടുത്ത വിപ്പാണ് നിയമസഭയിലെ അവിശ്വാസത്തിൽ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും ജയരാജനും കത്ത് നൽകിയത്. എന്നാൽ വിപ്പ് ലംഘിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ജോസ് കെ മാണി കേരള കോൺഗ്രസ് (എം ) ചെയർമാനായി പ്രവർത്തിക്കുന്നത് ഇടുക്കി മുൻസിഫ് കോടതിയും കട്ടപ്പന സബ് കോടതിയും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.