ബസുകൾക്ക് ഓട്ടം മുടങ്ങിയതോടെ ഏജൻസികൾ ദുരിതത്തിൽ
ആലപ്പുഴ: സ്വകാര്യ ആഡംബര ബസുകളിലെ അന്തർ സംസ്ഥാന യാത്രകൾക്ക് ഇ- പാസിലൂടെ മാത്രം അനുമതി നൽകുന്നതിനാൽ ട്രാവൽ ഏജന്റുമാരുടെ ജീവിതം വഴിമുട്ടുന്നു. ഓഫീസ് നടത്തിപ്പിനു പോലുമുള്ള വരുമാനമില്ലാതെ വലയുകയാണ് പലരും.
കൊവിഡ് പിടിമുറുക്കുന്നതിന് തൊട്ടുമുമ്പു വരെ ചടുലമായി മുന്നോട്ടു പോയിരുന്ന മേഖലയാണ് വല്ലാത്ത ദുരിതത്തിലായത്. യാത്രക്കാരുടെ ബുക്കിംഗിൽ നിന്ന് ലഭിക്കുന്ന നിശ്ചിത ശതമാനം തുകയാണ് ഏജന്റുമാരുടെ വരുമാനം. ബസ് ഉടമകൾ നൽകുന്ന 10 മുതൽ 15 ശതമാനം വരെയുള്ള കമ്മിഷനിൽ നിന്നു വേണം സകല ചെലവുകളും വഹിക്കേണ്ടത്. ഓഫീസ് വാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്ല്, ഇന്റർനെറ്റ് ചാർജ് തുടങ്ങി മാറ്റിവയ്ക്കാനാവാത്ത ധാരാളം ചെലവുകളുണ്ട്.
ജില്ലയിൽ 50 ട്രാവൽ ഏജൻസികളാണുള്ളത്. കൊവിഡിനെ തുടർന്ന് സീറ്റ് ബുക്കിംഗിന് യാത്രക്കാർ ഓൺലൈൻ സൈറ്റുകളെ പ്രധാനമായും ആശ്രയിച്ചു തുടങ്ങിയതോടെ ഏജൻസികളിൽ എത്തുന്നവരുടെ എണ്ണം ചുരുങ്ങി. തങ്ങളിലൂടെ സീറ്റ് ഉറപ്പാക്കുന്ന യാത്രക്കാർക്ക് ക്ലോക്ക് റൂം, ബാത്ത്റൂം സൗകര്യം, റീ ചാർജിംഗ്, വിശ്രമമുറി തുടങ്ങി ബസ് എത്തുന്നത് വരെ നിരവധി സേവനങ്ങളാണ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നത്.
..........................
കൊവിഡ് മൂലം വരുമാനം പൂർണമായി നിലച്ചു. മറ്റ് പല മേഖലകളെയും ലോക്ക് ഡൗൺ ഇളവിൽ ഉൾപ്പെടുത്തുമ്പോഴും അന്തർ സംസ്ഥാന ട്രാവൽസിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതു പോലുമില്ല. യാത്രകളെ മാത്രം ആശ്രയിച്ച് വരുമാനം നേടുന്ന നൂറുകണക്കിന് പേരാണ് ഈ മേഖലയിലുള്ളത്. പിടിച്ചുനിൽക്കുന്നതിനായി അടിയന്തര ധനസഹായമോ, വായ്പയോ ലഭ്യമാക്കാൻ അധികൃതർ ഇടപെടണം
സാജൻ ആന്റണി മോഴിപ്പറമ്പിൽ, ജില്ലാ പ്രസിഡന്റ്, ഓൾ കേരള ഇന്റർസ്റ്റേറ്റ് ട്രാവൽ ബുക്കിംംഗ് ഏജന്റ്സ് അസോസിയേഷൻ
..............................
₹ 35,000- 50,0000: ബസുകാർ കേരളത്തിൽ മൂന്നു മാസം കൂടുമ്പോൾ അടയ്ക്കേണ്ട നികുതി
₹ 1,00,000: തമിഴ്നാട്ടിൽ മാസം അടയ്ക്കേണ്ട നികുതി
₹ 30,000: ജില്ലയിലെ ട്രാവൽ ഏജൻസി ഓഫീസുകളിലെ പ്രതിമാസ ചെലവ്
................................................
# ആലപ്പുഴയിൽ നിന്നുള്ള അന്തർസംസ്ഥാന യാത്രകൾ
മധുര, ചെന്നൈ, ബംഗളുരു, കോയമ്പത്തൂർ, ഹൈദരാബാദ്, മുംബയ് (കണക്ഷൻ ബസ്)
................................