ആലപ്പുഴ: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും കോടതി ഉത്തരവുമുണ്ടായിട്ടും ജയിൽ മോചനം ലഭിക്കാത്ത മണ്ണഞ്ചേരി കണ്ടത്തിൽപറമ്പിൽ ജോഷിയുടെ കുടുംബത്തിന്റെ കണ്ണീർ തോരുന്നില്ല. അയൽവാസികളുടെയും കച്ചവടക്കാരുടെയും കരുണയിലാണ് കുടുംബം പട്ടിണിയാകാതെ കഴിയുന്നതെന്ന് ജോഷിയുടെ ഭാര്യ ഓമന (52) പറയുന്നു.
2019 ഏപ്രിൽ 17ന് എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് കത്തിച്ചെന്ന കേസിലാണ് ജോഷിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 524 ദിവസമായി ജയിലഴിക്കുള്ളിൽ കഴിയുന്ന ജോഷിക്ക് വീട്ടിലേക്ക് ഫോൺ വിളിക്കാനുള്ള അവസരം പോലും ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് ഓമന പറയുന്നു. മക്കളുടെ വിദ്യാഭ്യാസമടക്കം നിരവധി പ്രശ്നങ്ങൾ ഭിന്നശേഷിക്കാരി കൂടിയായ ഈ വീട്ടമ്മയ്ക്ക് മുന്നിൽ വെല്ലുവിളിയാണ്.
'കുടുംബത്തെ നന്നായി നോക്കിക്കൊണ്ടിരുന്ന വ്യക്തിയാണ്. എന്റെ മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ ജാമ്യത്തിലിറക്കാൻ സാധിക്കാതിരുന്നത്. കഞ്ചാവ് കേസുൾപ്പടെ പുതിയ കേസുകളിലും ജോഷി പ്രതിയാണെന്ന് മാദ്ധ്യമങ്ങൾ വഴിയാണ് കേൾക്കുന്നത്. എന്നാൽ അത്തരം കേസുകളിൽ ജോഷിക്ക് യാതൊരു പങ്കുമില്ല'- ഓമന പറഞ്ഞു. മണ്ണഞ്ചേരിയിൽ കുടുംബസ്വത്തായി ലഭിച്ച ആറ് സെന്റ് സ്ഥലത്ത് പണിതീരാത്ത കൊച്ചുവീട്ടിലാണ് ഓമനയും മക്കളും ആധിയോടെ കഴിയുന്നത്. നിരപരാധിയായ ജോഷിയെ ജയിൽമോചിതനാക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും, ഭർത്താവിന്റെ പേരിൽ മറ്റ് കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവയുടെ വിശദാംശം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഓമന ഇന്നലെ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ ഹർജി സമർപ്പിച്ചു.
പുതിയ കേസുകളെകുറിച്ച് യാതൊരു അറിവുമില്ല. കേസ് നമ്പർ പോലും ലഭ്യമാക്കിയിട്ടില്ല. വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും
അഡ്വ.പി.പി.ബൈജു, അഭിഭാഷകൻ, ലീഗൽ സർവീസ് അതോറിട്ടി