തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിന് കാര്യമായ പരിക്കേൽക്കില്ലെന്ന സൂചന എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തശേഷം ഉരുത്തിരിഞ്ഞെങ്കിലും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിടപാട് അന്വേഷിക്കാനുള്ള സി.ബി.ഐയുടെ വരവ് ഇടതുമുന്നണിക്ക് വീണ്ടും തിരിച്ചടിയാവും. തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോഴുള്ള രാഷ്ട്രീയാക്രമണത്തിന് യു.ഡി.എഫിന് ഇത് കൂടുതൽ ബലമേകും.
ലൈഫ് മിഷനെതിരായ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് പ്രതിപക്ഷത്തിന് വാദിക്കാൻ അവസരവുമൊരുങ്ങും. ലൈഫ് മിഷൻ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് സർക്കാർ പെട്ടെന്ന് വിജിലൻസിനെ കൊണ്ടുവന്നതെന്ന പ്രതിപക്ഷ ആരോപണത്തിനും ഇത് കരുത്താകും. ഇതു മുതലെടുത്ത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയാക്രമണം വരുംദിവസങ്ങളിൽ പ്രതിപക്ഷം കടുപ്പിക്കും.
ലൈഫ് പദ്ധതിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ തദ്ദേശഭരണ മന്ത്രിയുമാണ്. അതിനാൽ തെറ്റ് ചെയ്തില്ലെങ്കിലും മുഖ്യമന്ത്രിയുൾപ്പെടെ അന്വേഷണപരിധിയിൽപ്പെടാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. വിവരശേഖരണത്തിനായെങ്കിലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിപ്പിച്ചാൽ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും അത് വലിയ ആയുധമാകും. ഇത് മുന്നിൽക്കണ്ട് വരുംദിവസങ്ങളിൽ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷനീക്കം.
കരിപുരണ്ട് അഭിമാനപദ്ധതി
രണ്ടരലക്ഷത്തിലധികം പേർക്ക് വീട് നൽകിയ ലൈഫ്, പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. ആരോപണവിവാദങ്ങളിലൂടെ പദ്ധതിക്ക് പൊതുസമൂഹത്തിലുണ്ടാക്കിയ മികച്ച പ്രതികരണം ഇല്ലാതാക്കാമെന്ന രാഷ്ട്രീയലാക്കാണ് പ്രതിപക്ഷത്തിനുള്ളതെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും സംശയിക്കുന്നത്.
സ്വർണക്കടത്തിൽ സർക്കാരിന് ക്ലീൻചിറ്റ് നൽകാതിരിക്കാൻ എൻ.ഐ.എയ്ക്കാവില്ലെന്നിരിക്കെ, അത് മനസിലാക്കി തൊട്ടടുത്ത ദിവസം സി.ബി.ഐയെ കളത്തിലിറക്കിയതെന്ന രാഷ്ട്രീയാരോപണം സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള കക്ഷികൾക്കുണ്ട്. മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ഒന്നും ചെയ്യാനാവില്ലെങ്കിലും തിരഞ്ഞെടുപ്പ് നാളുകളിൽ രാഷ്ട്രീയപുകമറയുണ്ടാക്കാൻ സി.ബി.ഐ പറ്റിയ ആയുധമാണെന്ന് ഇടതുകേന്ദ്രങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതിനെ മറികടക്കുക ശ്രമകരമായിരിക്കും.
ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ടിന്റെ ലംഘനം സംബന്ധിച്ച കേസന്വേഷണം സബ് ഇൻസ്പെക്ടറോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥനാകണം നടത്തേണ്ടതെന്ന് 2011 ഒക്ടോബർ 27ലെ കേന്ദ്രസർക്കാർ വിജ്ഞാപനത്തിലുണ്ട്. വിദേശത്ത് നിന്ന് ഒരുകോടിക്ക് താഴെ കൈപ്പറ്റിയ കേസുകളേ സംസ്ഥാനതലത്തിലെ ഉദ്യോഗസ്ഥന് അന്വേഷിക്കാനാവൂ. ഒരു കോടിയോ അതിന് മുകളിലോ വരുന്ന തുക കൈപ്പറ്റിയ കേസുകൾ കേന്ദ്രവിജ്ഞാപനമുണ്ടെങ്കിലേ സി.ബി.ഐക്ക് അന്വേഷിക്കാനാവൂ. അതുപ്രകാരമാണിപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രോട്ടോക്കോൾ ലംഘനമാകും പ്രധാനമായും സി.ബി.ഐ അന്വേഷിക്കുക.