തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ പ്രതിദിന രോഗികൾ അയൽ സംസ്ഥാനമായ തമിഴ്നാടിനെക്കാൾ കൂടുതൽ. രോഗവ്യാപനം രൂക്ഷമാണെങ്കിലും തമിഴ്നാട്ടിൽ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇന്നലെ കേരളത്തിൽ 6477 പേർ രോഗികളായപ്പോൾ തമിഴ്നാട്ടിൽ 5679 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ രണ്ടുമാസം മുൻപ് തമിഴ്നാട് കടന്നുപോയ വഴികളിലാണ് ഇപ്പോൾ കേരളം എത്തിനിൽക്കുന്നത്. കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് എട്ടുമാസം തികയുന്ന ഘട്ടത്തിലാണ് വ്യാഴാഴ്ച രോഗികൾ 6000 കടന്നത്. എന്നാൽ രണ്ടു മാസങ്ങൾക്ക് മുൻപ് ജൂലായ് 22ന് തമിഴ്നാട് 6000 പിന്നിട്ടിരുന്നു. ജൂലായ് 27ന് 6993 പേർ രോഗബാധിതരായതാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഏഴ് കോടിയോളം ജനസംഖ്യയുള്ള തമിഴ്നാടിനെക്കാൾ രൂക്ഷമാണ് 3.6 കോടി ജനസംഖ്യയുള്ള കേരളത്തിൻെറ സ്ഥിതി. ബുധനാഴ്ചയോടെ രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. തമിഴ്നാട് അഞ്ചാമതും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. അതേസമയം പരിശോധനകളിൽ തമിഴ്നാട് രാജ്യത്ത് മുൻനിരയിലാണ്. അവധി ദിനങ്ങളിൽ പരിശോധന കുറയുന്ന സ്ഥിതിയാണ് കേരളത്തിൽ. തമിഴ്നാട്ടിൽ ഇന്നലെ 94877 സാമ്പിളുകൾ പരിശോധിച്ചപ്പോൾ കേരളത്തിൽ 56,057 പരിശോധനകളാണ് നടന്നത്. കേരളത്തിൽ രോഗികൾ 6000 കടന്ന് കുതിച്ചുയരുന്ന ഘട്ടത്തിൽ തമിഴ്നാട്ടിൽ ഈമാസം ഇതുവരെ രോഗികൾ ആറായിരം കടന്നിട്ടില്ല.
തമിഴ്നാടും കേരളവും കഴിഞ്ഞ ഒരാഴ്ച
തമിഴ്നാട് ബ്രാക്കറ്റിൽ
സെപ്തംബർ 19ന് 4644 (5536)
20ന് 4696 (5516)
21ന് 2910 (5344)
22ന് 4125 (5377)
23ന് 5376 (5325)
24ന് 6324 (5692)
25ന് 6477 (5679)